ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്നവേഷന്‍ ഹബ്ബ് ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്നവേഷന്‍ ഹബ്ബ് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ കേന്ദ്ര സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎഇഐഒ), അമേരിക്കയിലെ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി, നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി, ഇന്ത്യാ ഗവണ്‍മെന്റ് എന്നിവയുടെ സഹകരണത്തോടുകൂടി ആരംഭിക്കുന്ന 'ഇന്നവേഷന്‍ ഹബ്ബ്' യുഎസ് കോണ്‍ഗ്രസ്മാന്‍ ഡോ. ബില്‍ ഫോസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.


ബോളിംഗ് ബ്രൂക്കിലൂള്ള ഗോള്‍ഫ് കോഴ്‌സില്‍ നടന്ന ക്രിസ്മസ് പുതുവത്സരാഘോഷ ചടങ്ങും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. നോര്‍ത്ത് ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് ഡീനും, പ്രോബൈസ് കമ്പനിയുടെ പ്രസിഡന്റുമായ ഡോ. പ്രമോദ് വോറ ഈ എന്‍ജിനീയറിംഗ് സംഘടന വിവിധ യൂണിവേഴ്‌സിറ്റികളുടെ സഹകരണത്തോടെ നടത്തുന്ന സാങ്കേതിക വികസന സംരംഭത്തെ അഭിനന്ദിക്കുകയും, അത് ഭാവിയില്‍ ഇന്ത്യയ്ക്ക് ഒരു മുതല്‍ക്കൂട്ടായി തീരട്ടെ എന്നു ആശംസിക്കുകയും ചെയ്തു. ഐഐടി ഗ്രാജ്വേറ്റുകളുടെ മാതൃസംഘടനയായ പാന്‍ ഐഐടിയും ഈ അവസരത്തില്‍ പങ്കുചേരുന്നുവെന്ന് മിഡ് വെസ്റ്റ് പ്രസിഡന്റ് റേയ് മെഹ്‌റ സമ്മേളനത്തില്‍ പറഞ്ഞു.


യുഎസ് കോണ്‍ഗ്രസില്‍ സയന്‍സ്, സ്‌പേസ്, ടെക്‌നോളജി സബ് കമ്മിറ്റിയുടെ ചെയര്‍മാനായ കോണ്‍ഗ്രസ് മാന്‍ ഡോ. ബില്‍ ഫോസ്റ്റര്‍ തന്നാലാവുന്ന സഹായങ്ങള്‍ ഈ സംരംഭത്തിന് വാഗ്ദാനം ചെയ്തു. ഡോ. ബില്‍ ഫോസ്റ്റര്‍ ഫെര്‍മിലാബിലെ പ്രമുഖ സയന്റിസ്റ്റുകൂടിയായിരുന്നു.


എഎഇഐഒ ബോര്‍ഡ് അംഗമായ മാധുര സെയിന്‍, പ്രവീണ്‍ ജുലിഗവ, രഞ്ജിത്ത് ഗോപന്‍ എന്നിവരുടെ ഗാനമേളയും, വിവിധ കലാപരിപാടികളും അരങ്ങേറി.


പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് സംഘടനയുടെ ഭാവി പരിപാടികള്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് നിതിന്‍ മഹേശ്വരി നന്ദി പറയുകയും പുതിയ അംഗങ്ങളെ സംഘടനയിലേക്ക് സ്വാഗതം ചെയ്യുകയും ഉണ്ടായി. ഹോളിഡേ ഡിന്നറോടുകൂടി പരിപാടികള്‍ക്ക് തിരശീല വീണു.

Other News in this category4malayalees Recommends