ഒമിക്രോണ്‍ അവസാന വകഭേദമല്ല, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ അവസാന വകഭേദമല്ല, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലോകമെമ്പാടും ആശങ്ക സൃഷ്ടിക്കുന്ന ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന് കരുതി തള്ളിക്കളയരുതെന്ന് ലോകാരോഗ്യ സംഘടന. പുതിയ വകഭേദം അതിവേഗം ആളുകളിലേക്ക് പടര്‍ന്ന് പിടിക്കുകയാണെന്നും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നതായും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണിന് തീവ്രത കുറവാണെന്ന് കരുതി അവഗണിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുമ്പ് ഉണ്ടായിരുന്ന വകഭേദങ്ങള്‍ പോലെ തന്നെ ഒമിക്രോണും രോഗ ബാധിതരാകുന്നവരുടെ എണ്ണവും, മരിക്കുന്നവരുടെ എണ്ണവും കൂടാന്‍ കാരണമാകുന്നുണ്ട്. കോവിഡ് സുനാമി ലോകത്തുള്ള ആരോഗ്യ സംവിധാനങ്ങളെ ആകെ ബാധിക്കുകയാണ്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഡെല്‍റ്റയേക്കാള്‍ കുറച്ച് ആരോഗ്യപ്രശ്‌നം മാത്രമേ ഒമിക്രോണ്‍ സൃഷ്ടിക്കുന്നുള്ളൂ എന്നതുകൊണ്ട് നിസാരമായി കാണാന്‍ കഴിയില്ല.

അതേസമയം വാക്‌സിനുകള്‍ എല്ലായിടത്തും ഒരുപോലെ ലഭ്യമാകാത്തതിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. സമ്പന്ന രാഷ്ട്രങ്ങള്‍ മാത്രം വാക്‌സിന്‍ കയ്യടക്കിയതാണ് പുതിയ വകഭേദങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2022 ല്‍ വാക്‌സിനുകള്‍ എല്ലാവര്‍ക്കുമായി ന്യായമായി പങ്കിടാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Other News in this category



4malayalees Recommends