മെഗാ തിരുവാതിരയും ഗാനമേളയും കാളപൂട്ടും ; പാര്‍ട്ടി സമ്മേളനങ്ങള്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളായിമാറുമോ ? രോഗ വ്യാപനം വര്‍ദ്ധിക്കുന്നതിനിടെ വിവാദമായി സിപിഐഎമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍

മെഗാ തിരുവാതിരയും ഗാനമേളയും കാളപൂട്ടും ; പാര്‍ട്ടി സമ്മേളനങ്ങള്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളായിമാറുമോ ? രോഗ വ്യാപനം വര്‍ദ്ധിക്കുന്നതിനിടെ വിവാദമായി സിപിഐഎമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍
മെഗാതിരുവാതിരയുടെ ചൂടാറും മുമ്പേ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഗാനമേള സംഘടിപ്പിച്ച് സി.പി.ഐ.എം. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് പ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ഗാനമേള സംഘടിപ്പിച്ചത്.പ്രതിനിധികള്‍ക്കൊപ്പം നേതാക്കളും റെഡ് വളണ്ടിയര്‍മാരും സംഘാടകരും ഗാനമേള വേദിയിലുണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ ടി.പി.ആര്‍ 30 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരുതരത്തിലുള്ള പൊതുപരിപാടിയും പാടില്ലെന്ന് ചീഫ് സെക്രട്ടറിയും കളക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. ഇതൊന്നും വകവെക്കാതെയായിരുന്നു ജില്ലാ സമ്മേളന വേദിയിലെ ഗാനമേള.

മെഗാതിരുവാതിരക്ക് പിന്നാലെ ഗാനമേളയും; വിവാദങ്ങളും കൊവിഡും വകവെക്കാതെ സി.പി.ഐ.എം


അതേസമയം, പാലക്കാട് ജില്ലയിലും കോവിഡ് മാനദണ്ഡങ്ങല്‍ പാലിക്കാതെ സി.പി.ഐ.എം കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചിരുന്നു. അന്തരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി ജി. വേലായുധന്റെ സ്മരണാര്‍ഥമാണ് മത്സരം സംഘടിപ്പിച്ചത്.

200 ലേറെ പേര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു. എന്നാല്‍, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്നാണ് സി.പി.ഐ.എം വിശദീകരണം.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവാതിര സംഘടിപ്പിച്ചതും ഗാനമേള നടത്തിയതും വിവാദമായിരിക്കെയാണ് കന്നുപൂട്ട് മത്സരവും. പാലക്കാട് ജില്ലയില്‍ നിലവില്‍ 21 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍ നിരക്ക്.

ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും സി.പി.ഐ.എം മെഗാതിരുവാതിര സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും തിരുവാതിരകളി സംഘടിപ്പിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

എന്നാല്‍ മാസ്‌കും കോവിഡ് പ്രോട്ടോക്കോളും പാലിച്ചിരുന്നു എന്നാണ് സി.പി.ഐ.എം നല്‍കുന്ന വിശദീകരണം.

മെഗാ തിരുവാതിരക്കളി ഒഴിവാക്കാമായിരുന്നു എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സി.പി.ഐ.എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനവും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

പൊതുയോഗങ്ങള്‍ ഒഴിവാക്കണമെന്നും അവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നടത്തുമ്പോള്‍ ശാരീരിക അകലം പാലിക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശവും പാലിക്കപ്പെട്ടിരുന്നില്ല.

Other News in this category4malayalees Recommends