ഞാന്‍ കേരളത്തിലാണ്: എന്നെ കൊല്ലണമെങ്കില്‍ കൊന്നോളൂ, ഉമ്മയോട് കരുണ കാണിക്കൂ; യുപിയിലെ വീട്ടില്‍ റെയ്ഡിനെത്തിയ പോലീസിനോട് കഫീല്‍ ഖാന്‍

ഞാന്‍ കേരളത്തിലാണ്: എന്നെ കൊല്ലണമെങ്കില്‍ കൊന്നോളൂ, ഉമ്മയോട് കരുണ കാണിക്കൂ; യുപിയിലെ വീട്ടില്‍ റെയ്ഡിനെത്തിയ പോലീസിനോട് കഫീല്‍ ഖാന്‍
കേരളത്തിലെത്തിയ ഡോക്ടര്‍ കഫീല്‍ ഖാന്റെ ഗോരഖ്പൂരിലെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉത്തര്‍പ്രദേശ് പോലീസിന്റെ റെയ്ഡ്. റെയ്ഡിന്റെ ഭാഗമായി തന്റെ വീട്ടിലേക്ക് പോലീസെത്തിയതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചായിരുന്നു കഫീല്‍ഖാന്റെ പ്രതികരണം.പ്രായമായ മാതാവും ബന്ധുവായ സ്ത്രീയും മാത്രമാണ് വീട്ടിലുള്ളതെന്നും അവരെ ഭീഷണിപ്പെടുത്തിയാണ് വീട്ടില്‍ യുപി പോലീസ് റെയ്ഡ് നടത്തുന്നതെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു.വീട്ടില്‍ റെയ്ഡ് നടത്തുന്ന പോലീസുകാരുടെ ചിത്രം പങ്കുവച്ച് കഫീല്‍ ഖാന്‍ കുറിച്ചു:

'70 വയസ് പ്രായമുള്ള മാതാവിനെ ഭീഷണിപ്പെടുത്തുന്നത് സഹിക്കാന്‍ സാധിക്കില്ല. അവരെ ഭീഷണിപ്പെടുത്തി നിങ്ങള്‍ക്ക് എന്താണ് തെളിയിക്കേണ്ടത്. അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ ചെയ്യണോ. ചെയ്‌തോളൂ. പക്ഷേ ഉമ്മയോട് കരുണ കാണിക്കൂ, അവര്‍ക്ക് താങ്ങാന്‍ കഴിയില്ല. മനുഷ്യത്വം ബാക്കിയുണ്ടാവണം.'

തന്റെ 'എ ഡോക്ടേഴ്‌സ് മെമയിര്‍ ഓഫ് എ ഡെഡ്‌ലി മെഡിക്കല്‍ ക്രൈസിസ്: ദ ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി ' എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കേരളത്തിലാണ് കഫീല്‍ ഖാന്‍ ഇപ്പോഴുള്ളത്. മന്ത്രി മുഹമ്മദ് റിയാസ്, സിപിഐഎം നേതാവ് എംഎ ബേബി തുടങ്ങിയവരുമായി കഫീല്‍ ഖാന്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലുള്ള കഫീല്‍ ഖാന്‍ യുപിയിലെ സാഹചര്യങ്ങളെക്കുറിച്ച് തന്റെ പ്രസംഗങ്ങളില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.

Other News in this category



4malayalees Recommends