കാമുകിയുടെ അമ്മയ്ക്കായി വൃക്ക ദാനം ചെയ്തു: കാമുകി ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തു; വേദന പങ്കുവച്ച് യുവാവ്

കാമുകിയുടെ അമ്മയ്ക്കായി വൃക്ക ദാനം ചെയ്തു: കാമുകി ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തു; വേദന പങ്കുവച്ച് യുവാവ്
പ്രണയിച്ച യുവതിയുടെ അമ്മയ്ക്ക് വൃക്ക ദാനം ചെയ്ത ദുരിതത്തിലായ യുവാവിന്റെ കഥയാണ് സോഷ്യല്‍ലോകത്ത് വൈറലാകുന്നത്. മെക്‌സിക്കോക്കാരനായ ഉസിയേല്‍ മാര്‍ട്ടിനെസ് എന്ന വ്യക്തിയ്ക്കാണ് ഈ അവസ്ഥ. സ്വന്തം വൃക്കയും പ്രണയിനിയും നഷ്ടപ്പെട്ട അവസ്ഥയിലാണ് അദ്ദേഹമിപ്പോള്‍.പ്രണയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കാമുകിയുടെ അമ്മയ്ക്ക് വേണ്ടിയാണ് ഉസിയേല്‍ വൃക്ക ദാനം ചെയ്തത്. എന്നാല്‍ വൃക്ക അമ്മയ്ക്ക് ദാനം ചെയ്തതിന് ശേഷം ഒരു മാസത്തിനുള്ളില്‍ കാമുകി ബന്ധം വേര്‍പിരിയുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഉസിയേല്‍ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

മെക്‌സിക്കോയിലെ ബജ കാലിഫോര്‍ണിയയില്‍ നിന്നുള്ള അധ്യാപകനാണ് ഉസിയേല്‍ മാര്‍ട്ടിനെസ്. ടിക് ടോക് വീഡിയോയിലൂടെയാണ് ഉസിയേല്‍ തന്റെ അനുഭവം പങ്കുവെച്ചത്. താന്‍ കാമുകിയുടെ അമ്മയ്ക്ക് സ്വന്തം വൃക്ക ദാനം ചെയ്തപ്പോള്‍ അവര്‍ മറ്റൊരാളെ വിവാഹം കഴിക്കുകയാണ് ചെയ്തതെന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പായി സ്പാനിഷ് ഭാഷയില്‍ അദ്ദേഹം കുറിച്ചു. ഇതുവരെ 16 ദശലക്ഷത്തിലധികം ആളുകളാണ് ഈ ടിക് ടോക് വീഡിയോ കണ്ടിരിക്കുന്നത്.

വീഡിയോയുടെ താഴെ അദ്ദേഹത്തെ സമാധാനിപ്പിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്. ആ പെണ്‍കുട്ടിക്ക് ഒരു നല്ല വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നും തളരാതെ മുന്നോട്ട് പോകണമെന്നും അദ്ദേഹത്തെ നന്നായി പിന്തുണക്കുന്ന ഒരു പങ്കാളിയെ ഭാവിയില്‍ ലഭിക്കുമെന്നും ആളുകള്‍ കമന്റുകളിലൂടെ പറയുന്നു.

എന്നാല്‍ വേര്‍പിരിഞ്ഞിട്ടും താനും മുന്‍ കാമുകിയും ഇപ്പോഴും നല്ല ബന്ധത്തിലാണെന്ന് ഉസിയേല്‍ പറഞ്ഞു. തനിക്ക് അവളോട് ദേഷ്യമൊന്നുമില്ലെന്നും ഇപ്പോഴും സുഹൃത്തുക്കളായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നല്ല സുഹൃദ്ബന്ധം തുടരുന്നുവെന്ന് പറയാന്‍ കഴിയില്ലെങ്കിലും മുന്‍ കാമുകിയെ വെറുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു

Other News in this category4malayalees Recommends