ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ചര്‍ച്ചില്‍ കാതോലിക്കാദിന ചടങ്ങുകള്‍ക്ക് സക്കറിയാ മോര്‍ നിക്കളോവുസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി

ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ചര്‍ച്ചില്‍ കാതോലിക്കാദിന ചടങ്ങുകള്‍ക്ക്   സക്കറിയാ മോര്‍ നിക്കളോവുസ്   മെത്രാപ്പോലീത്ത നേതൃത്വം നല്‍കി
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡിലെ ഓറഞ്ച്ബര്‍ഗിലുള്ള സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ കാതോലിക്കാ ദിനാഘോഷത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാ മോര്‍ നിക്കളോവുസ് തിരുമേനി പങ്കെടുക്കുകയും വി. കുര്‍ബാന അര്‍പ്പിക്കയും ചെയ്തു. വികാരി ഫാ. എബി പൗലോസ് സഹകാര്‍മ്മികനായിരുന്നു.


അന്തരിച്ച വികാരി ഫാ. തോമസ് കാടുവെട്ടൂരിന്റെ എട്ടാം ചരമ വാര്‍ഷികവും ആചരിച്ചു.


കാതോലിക്കാ ദിനത്തോടനുബന്ധിച്ചു കോടിയേറ്റിനു ശേഷം സഭാ കൗണ്‍സിലര്‍ അജിത്ത് വട്ടശേരി സത്യവാചകം ചൊല്ലിക്കൊടുക്കുകയും വിശ്വാസികള്‍ അത് ഏറ്റു ചൊല്ലുകയും ചെയ്തു.


കാതോലിക്കാ ദിനത്തിന്റെ പ്രാധാന്യം തിരുമേനി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കുരുടന്റെ ഞായര്‍ എന്നറിയപ്പെടുന്ന ഞായറാഴ്ചയാണ് ഇത്. സാധാരണയായി നോമ്പുകാലത്ത് ആഘോഷങ്ങള്‍ അനുവദിക്കാറില്ല. പക്ഷെ ഇത് വ്യത്യസ്തമാണ്. മണ്ണ് കുഴച്ച് കുരുടന്റെ കണ്ണില്‍ പുരട്ടുകയും പ്രത്യേക സ്ഥലത്തു പോയി അത് കഴികിക്കളയാനും യേശു പറഞ്ഞു. അതനുസരിച്ചു കുരുടന് കാഴ്ച തിരിച്ചു കിട്ടി. പക്ഷെ അത് ചെയ്തത് ആരെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ കാഴ്ച തന്ന യേശുവിനു മുമ്പിലാണ് താന്‍ എന്നറിഞ്ഞപ്പോള്‍ അയാള്‍ കര്‍ത്താവേ ഞാന്‍ വിശ്വസിക്കുന്നു എന്ന് ഉറപ്പിച്ച് പറഞ്ഞു. പിന്നീട് മൈ ലോര്‍ഡ്, മൈ ഗോഡ് എന്ന തോമാ ശ്ലീഹാ യും പറയുന്നു. യേശുവിനെ തിരിച്ചറിയുകയും വിശ്വസിക്കയും ചെയ്തതാണ് ഇതിലൊക്കെ നാം കാണുന്നത്.


വിശ്വാസം ഉറപ്പിച്ചു പറഞ്ഞ കുരുടന്റെ ദിനത്തില്‍ തന്നെ കാതോലിക്കാ ദിനം ആചരിക്കാന്‍ സഭാപിതാക്കള്‍ തീരുമാനിച്ചത് വളരെ ചിന്താപൂര്‍വമായിരിക്കും. കര്‍ത്താവിനെ തിരിച്ചറിയുന്ന വിശ്വാസം മറന്ന് ബാഹ്യപ്രകടനത്തില്‍ മാത്രം ശ്രദ്ധിക്കുന്നതില്‍ കാര്യമില്ല. ഞാന്‍ വിശ്വസിക്കുന്നു എന്ന പ്രഖ്യാപനം ആണ് സഭാംഗങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടത്.


സഭയുടെ വളര്‍ച്ചക്കും നടത്തിപ്പിനും എല്ലാ വിശ്വസികളും ഒരു വര്‍ഷത്തില്‍ ഒരു ദിവസത്തെ വരുമാനം കാതോലിക്കാ ദിന പിരിവായി നല്‍കണമെന്നും തിരുമേനി പറഞ്ഞു.


കാതോലിക്കാ പതാകയുമേന്തി പ്രദക്ഷിണവും നടന്നു. മധുരപലഹാരവും ഉച്ചഭക്ഷണവും കഴിഞ്ഞതോടെ ചടങ്ങുകള്‍ക്ക് സമാപ്തിയായി.


സഭാ കൗണ്‍സിലര്‍ സജി പോത്തന്‍ (സെന്റ് മേരീസ് ചര്‍ച്ച്, സഫെണ്‍), ട്രസ്റ്റി പ്രസാദ് ഈശോ, സെക്രട്ടറി ജെനുവിന്‍ ഷാജി, ജോ. ട്രഷറര്‍ വിനോദ് പാപ്പച്ചന്‍, ജോ. സെക്രട്ടറി സക്കറിയാ വര്‍ക്കി തുടങ്ങിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Other News in this category4malayalees Recommends