ഓട്ടോ ഓടിച്ച് നടന്നിരുന്ന ഷൈബിന്‍ ആറ് വര്‍ഷം കൊണ്ട് 300 കോടി ആസ്തിയുള്ളവന്‍; 30 കോടിയുടെ വീട് നിര്‍മ്മാണത്തിലും ; എണ്ണവ്യാപാരമടക്കമുള്ള ഒട്ടേറെ സംരംഭങ്ങള്‍ ഗള്‍ഫിലുണ്ടെന്ന് അടുപ്പക്കാരോട് പ്രതി പറഞ്ഞിരുന്നു

ഓട്ടോ ഓടിച്ച് നടന്നിരുന്ന ഷൈബിന്‍ ആറ് വര്‍ഷം കൊണ്ട് 300 കോടി ആസ്തിയുള്ളവന്‍; 30 കോടിയുടെ വീട് നിര്‍മ്മാണത്തിലും ;  എണ്ണവ്യാപാരമടക്കമുള്ള ഒട്ടേറെ സംരംഭങ്ങള്‍ ഗള്‍ഫിലുണ്ടെന്ന് അടുപ്പക്കാരോട് പ്രതി പറഞ്ഞിരുന്നു
ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ നിലമ്പൂര്‍ സ്വദേശിയായ ഷൈബിന്‍ അഷ്‌റഫ് കുറഞ്ഞകാലത്തിനുള്ളില്‍ കോടീശ്വരനായതില്‍ ദുരൂഹത. തനിക്ക് 300 കോടിയിലധികം രൂപയുടെ സ്വത്തുണ്ടെന്നാണ് ചോദ്യംചെയ്യലില്‍ ഷൈബിന്‍ തന്നെ വെളിപ്പെടുത്തിയത്. ദരിദ്ര കുടുംബത്തില്‍ ജനിച്ച ഷൈബിനെ പിതാവ് ചെറുപ്പത്തില്‍ നാട്ടില്‍ ഓട്ടോ ഓടിച്ചും മറ്റുമാണ് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്. ദരിദ്രമായ ചുറ്റുപാടില്‍ നിന്നും കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ഷൈബിന്‍ കോടീശ്വരനായത് ദുരൂഹമാണെന്ന് അടുപ്പക്കാരടക്കം പറയുന്നു.

2005ല്‍ ഷൈബിന്‍ വിദേശത്തു ജോലിക്കുപോയത്. എന്നാല്‍ പിന്നീട് ആറേഴുവര്‍ഷം കഴിഞ്ഞപ്പോഴേക്കും കുടുംബം മൊത്തത്തില്‍ വലിയതോതില്‍ അഭിവൃദ്ധിപെട്ടതാണ് നാട്ടുകാര്‍ക്ക് കാണാനായത്. കുടുലില്‍ കഴിഞ്ഞിരുന്ന കുടുംബം കുറഞ്ഞകാലത്തിനുള്ളില്‍ വലിയ വാടകവീടുകളിലേക്ക് താമസം മാറി.

സുല്‍ത്താന്‍ബത്തേരിയില്‍ ഓട്ടോറിക്ഷ ഓടിച്ചും ലോറി ക്ലീനറായും അല്ലറച്ചില്ലറ അടിപിടി കേസിലൊക്കെ പിടിക്കപ്പെട്ടും കഴിഞ്ഞിരുന്ന ഷൈബിന്റെ അതിവേഗത്തിലുള്ള സാമ്പത്തികമായ ഉന്നതി ദുരൂഹത നിറഞ്ഞതാണ്. ഷൈബിന്റെ സാമ്പത്തിക സ്രോതസ്സും നിലവില്‍ അന്വേഷണ പരിധിയിലാണ്.

ഉപജീവനമാര്‍ഗം തേടി ഗള്‍ഫിലേക്ക് പോയ മാതാവിന്റെ സഹായത്തോടെയാണ് ഷൈബിനും നാടുകടന്നത്. പിന്നീട് 2013ല്‍ മടങ്ങിയെത്തി നിലമ്പൂര്‍ മുക്കട്ടയില്‍ വലിയൊരു വീട് വാങ്ങി ഇയാള്‍ നാട്ടില്‍ താമസമാക്കി. നാട്ടുകാരുമായി അടുപ്പത്തിനൊന്നും ഷൈബിന്‍ മുതിര്‍ന്നിരുന്നില്ല. ചില സുഹൃത്തുക്കളെ മാത്രമാണ് അടുപ്പിച്ചിരുന്നത്.

ധാരാളം ഭൂമിയും ഷൈബിന്‍ സ്വന്തമാക്കിയിരുന്നു. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ഊട്ടി റോഡില്‍ പുത്തന്‍ക്കുന്നില്‍ ഷൈബിന്‍ വര്‍ഷങ്ങളായി പണിതുകൊണ്ടിരിക്കുന്നത് 20,000 ചതുരശ്രയടിക്കടുത്ത് വിസ്തീര്‍ണമുള്ള കൊട്ടാര സദൃശ്യമായ മണിമാളികയാണ്. ഈ വീടിന്റെ നിര്‍മാണം പത്തുവര്‍ഷമാകാറായിട്ടും പൂര്‍ത്തിയായിട്ടില്ല. 20 കോടിയിലേറെ രൂപയാണ് വീടിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇടക്കാലത്ത് കെട്ടിടത്തിന്റെ പണികള്‍ നിലച്ചുപോയിരുന്നെങ്കിലും അടുത്തിടെ പുനരാരംഭിച്ചിരുന്നു. എണ്ണവ്യാപാരമടക്കമുള്ള ഒട്ടേറെ സംരംഭങ്ങള്‍ ഗള്‍ഫിലുണ്ടെന്നാണ് ഷൈബിന്‍ തന്നെ തന്റെ അടുപ്പക്കാരോട് പറഞ്ഞിട്ടുള്ളത്.

Other News in this category



4malayalees Recommends