15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തി; സൗദിക്ക് നന്ദി പറഞ്ഞ് ലോകം

15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തി; സൗദിക്ക് നന്ദി പറഞ്ഞ് ലോകം
യെമന്‍ സ്വദേശികളായ സയാമീസ് ഇരട്ടകളെ സൗദിയില്‍ നടന്ന ശസത്രക്രിയയില്‍ വേര്‍പ്പെടുത്തി. 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് കുഞ്ഞ് യൂസുഫിനെയും യാസീനെയും വേര്‍പെടുത്തിയത്.

പീഡിയാട്രിക് ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, അനസ്‌തേഷ്യ, നഴ്‌സിങ്, ടെക്‌നീഷ്യന്‍ എന്നീ വിഭാഗങ്ങളിലെ 24 വിദഗ്ധരുടെ നേതൃത്വത്തിലാണ് 15 മണിക്കൂര്‍ നീണ്ടുനിന്ന അതിസങ്കീര്‍ണമായ ശസ്ത്രക്രിയയാണ് നടന്നത്. 24 സ്‌പെഷലിസ്റ്റുകളും നഴ്‌സിങ്, ടെക്‌നീഷ്യന്‍മാരുടെ പ്രത്യേക കേഡര്‍മാരും ഓപ്പറേഷനില്‍ പങ്കെടുത്തു.

തലച്ചോറിന്റെ ഭാഗങ്ങള്‍ ഇരട്ടകള്‍ പങ്കിടുന്നതിനാല്‍ തന്നെ ശസ്ത്രക്രിയ സങ്കീര്‍ണമായതായിരുന്നുവെന്ന് കിങ് സല്‍മാന്‍ റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറും ശസ്ത്രക്രിയ സംഘം തലവനുമായ ഡോ. അബ്ദുല്ല അല്‍റബീയ പറഞ്ഞു. നാല് ഘട്ടങ്ങളിലായാണ് ഓപ്പറേഷന്‍ നടത്തിയത്.

'ശസ്ത്രക്രിയ സങ്കീര്‍ണമായിരുന്നു. തലച്ചോറ് ഒട്ടിപ്പിടിച്ചതിന്റെ ഫലമായി രക്തസ്രാവം വര്‍ധിച്ചതിനാല്‍ ഇരട്ടക്കുട്ടികളായ യാസീന് ചില ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഇത് സംഘം കൈകാര്യം ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം ഇരട്ടകളെ കുട്ടികള്‍ക്കായുള്ള ഇന്റസീവ് കെയറിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരട്ടകള്‍ കര്‍ശനമായ പരിചരണത്തിലും നിയന്ത്രണത്തിലുമാണ്. പ്രത്യേകിച്ച് യാസീന്റെ അവസ്ഥ ഗുരുതരമാണെന്ന് കണക്കാക്കപ്പെടുന്നു'വെന്നും ഡോ. റബീയ പറഞ്ഞു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ മേയ് മാസത്തിലാണ് യെമനിലെ ഹദ്ര്‍മൗത്തില്‍നിന്ന് ഇവരെ റിയാദിലെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ നടത്താനും അവര്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കിയതിനും സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ടീമിനും സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കള്‍ നന്ദി അറിയിച്ചു.

Other News in this category4malayalees Recommends