വിലക്കയറ്റം രൂക്ഷമായെങ്കിലും വേതനത്തില്‍ അതനുസരിച്ച വര്‍ദ്ധനവില്ലെന്ന് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് ; സ്വകാര്യ മേഖലയില്‍ 0.7 ശതമാനവും, പൊതുമേഖലയില്‍ 0.6 ശതമാനവും വേതന നിരക്ക് ഉയര്‍ന്നുവെന്ന് കണക്കുകള്‍

വിലക്കയറ്റം രൂക്ഷമായെങ്കിലും വേതനത്തില്‍ അതനുസരിച്ച വര്‍ദ്ധനവില്ലെന്ന് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് ; സ്വകാര്യ മേഖലയില്‍ 0.7 ശതമാനവും, പൊതുമേഖലയില്‍ 0.6 ശതമാനവും വേതന നിരക്ക് ഉയര്‍ന്നുവെന്ന് കണക്കുകള്‍
ഓസ്‌ട്രേലിയയിലെ ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട കണക്കുകള്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ചു. രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിലക്കയറ്റം രൂക്ഷമായെങ്കിലും, ജനങ്ങളുടെ വേതനത്തില്‍ അതിനനുസരിച്ചുള്ള വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നാണ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട്.

ഓസ്‌ട്രേലിയയിലെ സ്വകാര്യ മേഖലയില്‍ 0.7 ശതമാനവും, പൊതുമേഖലയില്‍ 0.6 ശതമാനവും വേതന നിരക്ക് ഉയര്‍ന്നുവെന്നാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ വേജ് പ്രൈസ് ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ അവസാനിച്ച പാദത്തില്‍ 0.7 ശതമാനമാണ് വേതനത്തിലുണ്ടായ വര്‍ദ്ധനവ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടുണ്ടായ ശമ്പള വര്‍ദ്ധനവ് 2.4 ശതമാനമാണെന്നും ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പറയുന്നു.ഈ വര്‍ഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പണപ്പെരുപ്പ നിരക്ക് 5.1% ആയിരുന്നു. ഇതിന് ആനുപാതികമായി ശമ്പള നിരക്കില്‍ വര്‍ദ്ധനവുണ്ടായിട്ടെല്ലാന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2020 ഡിസംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 1.4% എന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ്, വാര്‍ഷിക വേതന വളര്‍ച്ച 2.4% എന്ന നിരക്കിലേക്ക് ഉയര്‍ന്നത്.

പണപ്പെരുപ്പ നിരക്ക് ശമ്പളത്തെ എങ്ങനെ സ്വാധീനിക്കുമെന്നറിയുന്നതിനാണ് വേജ് പ്രൈസ് ഇന്‍ഡക്‌സ് പ്രധാനമായും ഉപയോഗിക്കുന്നത്.ഫെഡറല്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ശമ്പള നിരക്കുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തു വന്നത്. ഇത് വിലക്കയറ്റ ചര്‍ച്ചകളെ വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാക്കുമെന്നാണ് വിലയിരുത്തല്‍.

ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്ന് വിലക്കയറ്റമായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രതയോടെയാണ് വിഷയത്തില്‍ ഇടപെടുന്നത്.

രാജ്യത്തുണ്ടായ പണപ്പെരുപ്പ നിരക്കിന് ആനുപാതികമായി ശമ്പള നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാണ് ലേബര്‍ നേതാവ് ആന്റണി അല്‍ബനീസിയുടെ വാദം. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഓസ്‌ട്രേലിയക്കാര്‍ക്ക് പണപ്പെരുപ്പവും, ജീവിതച്ചെലവിലെ വര്‍ദ്ധനവുമുണ്ടാക്കിയ ഭാരം വളരെ കൂടുതലാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പണപ്പെരുപ്പത്തിന് ആനുപാതികമായി ശമ്പളവും വര്‍ദ്ധിപ്പിക്കണം എന്നാണ് അല്‍ബനീസിയുടെ ആവശ്യം.

Other News in this category4malayalees Recommends