ലഹരിമരുന്ന് കൈമാറ്റത്തിനായി യുഎസിനെയും മെക്‌സിക്കോയെയും ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി ; കണ്ടെത്തിയത് ടിജുവാനയും യുഎസിലെ സാന്‍ ഡിയാഗോയും തമ്മില്‍ ബന്ധിപ്പിക്കുന്ന 1,744 അടി തുരങ്കം

ലഹരിമരുന്ന് കൈമാറ്റത്തിനായി യുഎസിനെയും മെക്‌സിക്കോയെയും ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി ; കണ്ടെത്തിയത് ടിജുവാനയും യുഎസിലെ സാന്‍ ഡിയാഗോയും തമ്മില്‍ ബന്ധിപ്പിക്കുന്ന 1,744 അടി തുരങ്കം
ലഹരിമരുന്ന് കൈമാറ്റത്തിനായി യുഎസിനെയും മെക്‌സിക്കോയെയും ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി. മെക്‌സിക്കന്‍ നഗരമായ ടിജുവാനയും യുഎസിലെ സാന്‍ ഡിയാഗോയും തമ്മില്‍ ബന്ധിപ്പിക്കുന്ന 1,744 അടി (531 മീറ്റര്‍) നീളമുള്ള തുരങ്കമാണ് കണ്ടെത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ തുരങ്കത്തിലൂടെ കടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.

സാന്‍ ഡിയാഗോയിലെ ഒരു വെയര്‍ഹൗസിലേക്കാണ് തുരങ്കം നിര്‍മ്മിച്ചിരുന്നത്. റെയില്‍വേ ട്രാക്ക് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രത്യേക ട്രാക്ക് നിര്‍മ്മിച്ചാണ് തുരങ്കത്തിലൂടെ ലഹരിമരുന്നുകള്‍ കൈമാറ്റം നടത്തിയത്. വായുവും പ്രകാശവും കടക്കുന്നതിനായി തുരങ്കത്തില്‍ ജനാലകള്‍ സ്ഥാപിച്ചിരുന്നു. തുരങ്കത്തിന് 61 അടി (18 മീറ്റര്‍) ആഴവും 4 അടി (1 മീറ്റര്‍) വ്യാസവുമാണുള്ളതെന്ന് കാലിഫോര്‍ണിയയിലെ സതേണ്‍ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

മെയ് പതിമൂന്ന് വെള്ളിയാഴ്ച ടിജുവാനയില്‍ നിന്നും വെയര്‍ഹൗസില്‍ നിന്നും നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ സംശയം തോന്നി വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തി. ഇവരില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. വാഹനങ്ങള്‍ പുറപ്പെട്ട ഗോഡൗണില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം തറയില്‍ കണ്ടെത്തിയത്. റെയ്ഡില്‍ കൊക്കയ്ന്‍, മെതാംഫെറ്റാമൈന്‍, ഹെറോയിന്‍ എന്നിവ പിടിച്ചെടുത്തതായി അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

സംഭവത്തില്‍ 31നും 55നും ഇടയില്‍ പ്രായമുള്ള ആറ് പേര്‍ കസ്റ്റഡിയിലാണ്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവും ഒരു മില്യണ്‍ ഡോളര്‍ പിഴയും ഇവര്‍ക്ക് ലഭിച്ചേക്കും. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചിരുന്ന തുരങ്കവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണെന്ന് യുഎസ് അറ്റോര്‍ണി റാന്‍ഡി ഗ്രോസ്മാന്‍ പറഞ്ഞു. നിരോധിത ലഹരിമരുന്ന് ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ തുരങ്കത്തിലൂടെയും അല്ലാതെയുമുള്ള മയക്കുമരുന്ന് ഇടപാടുകള്‍ പിടികൂടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുരങ്കത്തിലൂടെയുള്ള ലഹരിമരുന്ന് ഇടപാടുകള്‍ മെക്‌സിക്കോയിലും യുഎസിലും പതിവാണ്. മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരുമരുന്നുകള്‍ കടത്തുന്നതിനായി മെക്‌സിക്കോയിലെ സാന്‍ ലൂയിന്‍സ് റിയോ കൊളറാഡോയില്‍ നിന്ന് അരിസോണയിലെ സാന്‍ ലൂയിസിലേക്ക് നീളുന്ന ഒരു തുരങ്കം 2020ല്‍ കണ്ടെത്തിയിരുന്നു. 4,309 അടി (1,313 മീറ്റര്‍) നീളമുള്ള ഈ തുരങ്കം ഇന്നുവരെയുള്ളതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയതാണ്. യുഎസ് ചരിത്രത്തിലെ ഏറ്റവും നൂതനരീതിയിലുള്ള തുരങ്കം എന്നാണ് അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചത്. തുരങ്കങ്ങള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമല്ലാത്ത പ്രദേശമായിട്ട് പോലും മികച്ച രീതിയിലായിരുന്നു തുരങ്കം. വായും കയറാന്‍ ജനാലകള്‍, കുടിവെള്ളത്തിന് പൈപ്പുകള്‍, ഇലക്ട്രിക്കല്‍ വയറിംഗ്, റെയില്‍ സംവിധാനം, മികച്ച തറയും ചുവരുകളുമാണ് തുരങ്കത്തെ വ്യത്യസ്തമാക്കിയത്.


Other News in this category



4malayalees Recommends