ഇന്ത്യന്‍ വോട്ടുകളില്‍ കണ്ണുവച്ച് നേതാക്കള്‍ ; ലിബറലും ലേബറും ഇന്ത്യക്കാരില്‍ പ്രതീക്ഷവയ്ക്കുന്നു ; വന്‍ വാഗ്ദാനങ്ങളുമായി നേതാക്കള്‍

ഇന്ത്യന്‍ വോട്ടുകളില്‍ കണ്ണുവച്ച് നേതാക്കള്‍ ; ലിബറലും ലേബറും ഇന്ത്യക്കാരില്‍ പ്രതീക്ഷവയ്ക്കുന്നു ; വന്‍ വാഗ്ദാനങ്ങളുമായി നേതാക്കള്‍
ഇന്ത്യയില്‍ ജനിച്ച ഏകദേശം 7,10,000 പേരാണ് ഓസ്‌ട്രേലിയയിലുള്ളത്. ജനസംഖ്യയുടെ 2.8 ശതമാനമാണ് ഇത്. ഇതില്‍ നല്ലൊരു ഭാഗം പേരും ഓസ്‌ട്രേലിയന്‍ പൗരത്വമെടുത്തവരാണ്. അതായത്, ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ടുള്ളവര്‍.

2011ല്‍ ഇന്ത്യയില്‍ ജനിച്ച ഓസ്‌ട്രേലിയക്കാരുടെ എണ്ണം 3,73,000 ആയിരുന്നെങ്കില്‍ 2021ഓടെ ഇവരുടെ എണ്ണം 7,10,000ത്തിലേക്കുയര്‍ന്നു.

സമീപ വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ പൗരത്വം നേടിയവരില്‍ ഇന്ത്യന്‍ വംശജര്‍ കൂടുതലായുണ്ടെന്നും അതു കൊണ്ട് തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അവരുടെ വോട്ടുകള്‍ നിര്‍ണ്ണായകമാണെന്നാണ് റിപ്പോര്‍ട്ട്.

SBS

ഗുജറാത്ത് കിച്ച്ഡി, മദിരാശി മീന്‍കറി എല്ലാം വച്ചാണ് സ്‌കോട്ട് മോറിസണ്‍ ശ്രദ്ധിക്കപ്പെട്ടത്.

ദീപാവലിയും ഹോളിയും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും തുടങ്ങി, ഇന്ത്യന്‍ വംശജരുടെ ഓരോ ആഘോഷവേളകളിലും വീഡിയോ സന്ദേശങ്ങളുമായി പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തെത്തുന്നതും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പതിവാണ്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഓസ്‌ട്രേലിയയില്‍ പതിവില്ലാത്തതാണ് ഇക്കാര്യങ്ങളെല്ലാം.

ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയയുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് ആന്തണി അല്‍ബനീസിയും പങ്കെടുത്തതിന്റെ ചിത്രങ്ങളും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

കാവി ഷോള്‍ പുതച്ചു നില്‍ക്കുന്ന നേതാക്കന്‍മാരുടെ ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ചില വാര്‍ത്തകളെങ്കിലും, ലഭ്യമായ അവസരങ്ങളിലെല്ലാം ഇന്ത്യന്‍ വംശജരുടെ പരിപാടികളിലേക്ക് സജീവമായി എത്തുകയാണ് ലിബറല്‍, ലേബര്‍ നേതാക്കള്‍ ചെയ്തത്.

തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇരു പാര്‍ട്ടികളും ഇന്ത്യന്‍ വംശജരുടെ മതസാംസ്‌കാരിക സംഘടനകള്‍ക്കായി ദശലക്ഷക്കണക്കിന് ഡോളറിന്റെ വാഗ്ദാനങ്ങളാണ് നല്‍കിയിട്ടുള്ളത്.
Other News in this category4malayalees Recommends