യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് ഏറ്റവും വലിയ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് ' ഇന്‍കാസ് സ്‌നേഹ സമ്മാനം' ; സിപിഎമ്മിന്റെ വാദങ്ങള്‍ ബാലിശമെന്ന് കോണ്‍ഗ്രസ് നേതാവ്

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് ഏറ്റവും വലിയ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് ' ഇന്‍കാസ് സ്‌നേഹ സമ്മാനം' ; സിപിഎമ്മിന്റെ വാദങ്ങള്‍ ബാലിശമെന്ന് കോണ്‍ഗ്രസ് നേതാവ്
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് ഏറ്റവും വലിയ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് ഇന്‍കാസ് യുഎഇ കമ്മിറ്റി ഏര്‍പ്പെടുത്തിയ 'സ്‌നേഹ സമ്മാനം' എങ്ങനെയാണ് തെരഞ്ഞെടുപ്പ് അഴിമതി ആവുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ ബോസ്. നടപടിയില്‍ തെറ്റ് പറയാന്‍ പറ്റില്ല, ഇതൊക്കെ സിപിഐഎമ്മിന്റെ ബാലിശമായ വാദങ്ങളാണെന്നും അനില്‍ ബോസ് പറഞ്ഞു. 'ഇത്തരം നടപടിയെങ്ങനെയാണ് അഴിമതിയാവുന്നത്. നമ്മള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ ഉത്തരവാദിത്തത്തോടെ എല്ലാവരും ചെയ്യുമ്പോള്‍ അതിലേറ്റവും മേന്മയോടെ കാര്യങ്ങള്‍ ചെയ്യുന്ന സമിതിക്കോ പ്രവര്‍ത്തകര്‍ക്കോ പ്രോത്സാഹനം പ്രഖ്യാപിക്കുന്നത് തെറ്റായ കീഴ്‌വഴക്കമല്ല. ഏറ്റവും കൂടുതല്‍ വോട്ട് ചെയ്യുന്നവര്‍ക്കല്ല പൈസ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അടുക്കും ചിട്ടയോടും കൂടി ചെയ്യുന്നവര്‍ക്കാണ് പ്രോത്സാഹനം. അതിലൊക്കെ എങ്ങനെയാണ് തെറ്റ് പറയാന്‍ കഴിയുക. സിപിഐഎമ്മിന്റെ വാദങ്ങള്‍ ബാലിശമാണ്.' അനില്‍ ബോസ് പറഞ്ഞു. നടപടിക്കെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയ സാഹചര്യത്തിലാണ് പ്രതികരണം.

കോണ്‍ഗസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗിന്റെ പേരിലാണ് വോട്ടിന് പ്രതിഫല വാഗ്ദാനം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഉമാ തോമസിന് ഏറ്റവും വലിയ ലീഡ് യുഡിഎഫിന് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മറ്റിയ്ക്ക് 25,001 രൂപാ സമ്മാനം നല്‍കുന്നു എന്നതായിരുന്നു പരസ്യം. ബൂത്ത് കമ്മറ്റി അംഗങ്ങള്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൂടിയായതിനാല്‍ ഈ പരസ്യം വോട്ടിന് പണം വാഗ്ദാനം ചെയ്യുന്നത് തന്നെയാണെന്ന് സ്വരാജ് ചൂണ്ടിക്കാണിച്ചു. പരാജയം ഉറപ്പായപ്പോള്‍ അവിശുദ്ധ മാര്‍ഗങ്ങള്‍ തേടാന്‍ യുഡിഎഫ് ദയനീയമായി നിര്‍ബന്ധിതരായിരിക്കുകയാണെന്ന് സ്വരാജ് പരാതി പിന്നാലെ പറഞ്ഞു.

ഇന്‍കാസ് യൂത്ത് വിംഗ് യുഎഇ കമ്മിറ്റിയാണ് 25,001 രൂപ ബൂത്ത് കമ്മിറ്റികള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്. സ്‌നേഹ സമ്മാനമെന്ന പേരിലുള്ള വാഗ്ദാനം കഴിഞ്ഞദിവസങ്ങളിലാണ് കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടത്.

Other News in this category4malayalees Recommends