സര്‍ക്കാര്‍ കേസെടുക്കുന്നത് ആളെ നോക്കിയാണ്, കുറ്റം നോക്കിയല്ല; വിമര്‍ശനവുമായി കെ സുധാകരന്‍

സര്‍ക്കാര്‍ കേസെടുക്കുന്നത് ആളെ നോക്കിയാണ്, കുറ്റം നോക്കിയല്ല; വിമര്‍ശനവുമായി കെ സുധാകരന്‍
വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് എതിരെ കേസെടുക്കാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കുറ്റം നോക്കിയല്ല ആളുകളെ നോക്കിയാണ് സര്‍ക്കാര്‍ കേസെടുക്കുന്നത്. തനിക്കെതിരെ കേസെടുത്തതും അങ്ങനെയാണ്. ആളെയും രാഷ്ട്രീയവും നോക്കിയാണ് തനിക്കെതിരെ കേസെടുത്തത്. കുറ്റമില്ലാത്തത് കൊണ്ടാണ് കേസുമായി മുന്നോട്ട് പോകാന്‍ കഴിയാത്തതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി

പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗ കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാന്‍ കഴിവില്ലാത്തവരാണ് പിണറായി സര്‍ക്കാര്‍. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യന്‍ സര്‍ക്കാരിന് താത്പര്യമില്ല. നേരത്തെ അറസ്റ്റ് ചെയ്തത് നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. പിസി ജോര്‍ജ് തുടര്‍ച്ചയായി സമാനരീതിയിലുള്ള കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെന്ന് പൊലീസ് വാദിച്ചു.

Other News in this category



4malayalees Recommends