ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി ; ഭാര്യ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റില്‍
ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യ പൊലീസ് പിടിയില്‍. ലാത്തൂര്‍ ത്രേണാപുര്‍ സ്വദേശി മഞ്ചക് ഗോവിന്ദ് പവാറിന്റെ (45) കൊലപാതകത്തില്‍ ഭാര്യ ഗംഗാബായി (37) ആണ് അറസ്റ്റിലായത്. ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വാടക കൊലയാളിയെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു.
ജൂണ്‍ 11ന് അഹമ്മദ്‌നഗര്‍ ഹൈവേയിലെ ബീഡ് പിമ്ബര്‍ഗവന്‍ റോഡിലാണ് പവാറിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കേറ്റ മര്‍ദനമാണ് മരണകാരണമെന്ന് പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനും കൊലപാതകം അപകടമായി മാറ്റാനും ഗംഗാബായി ശ്രമിച്ചിരുന്നു.
ഭാര്യയുടെ മൊഴികളില്‍ തുടക്കംമുതലേ സംശയം തോന്നിയ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. കൊലയാളികളെ ഗംഗാബായി വാടകയ്‌ക്കെടുക്കുകയും കൃത്യം നടത്താന്‍ രണ്ടുലക്ഷം രൂപവീതം നല്‍കുകയും ചെയ്‌തെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.