മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ; മന്ത്രി ഏക് നാഥ് ഷിന്‍ഡെ 11 എംഎല്‍എമാരുമായി റിസോര്‍ട്ടില്‍

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ; മന്ത്രി ഏക് നാഥ് ഷിന്‍ഡെ 11 എംഎല്‍എമാരുമായി റിസോര്‍ട്ടില്‍
നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി. മന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ ഏക് നാഥ് ഷിന്‍ഡെ 11 ശിവസേന എംഎല്‍എമാരുമായി ഗുജറാത്തിലെ സൂറത്തിലുള്ള ഒരു റിസോര്‍ട്ടിലേക്ക് മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഏക്‌നാഥ് ഷിന്‍ഡെ മുംബൈയില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും ഇവരുമായി നേതൃത്വത്തിന് ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം ബിജെപി നേതൃത്വം ഇവരുമായി ചര്‍ച്ച നടത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മൂന്ന് വീതം ശിവസേന- കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തിരുന്നു. അടുത്ത നീക്കം പ്രഖ്യാപിക്കാന്‍ ഏക്‌നാഥ് ഷിന്‍ഡെ ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. ഉച്ചയോടെ വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് ഷിന്‍ഡെയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരാണ് ഉള്ളത്. അഞ്ചു എംഎല്‍സിമാരെ തിരഞ്ഞെടുക്കാനുള്ള വോട്ട് ബിജെപിക്കില്ലായിരുന്നു. സ്വതന്ത്രരുടേയും മറ്റു പാര്‍ട്ടികളുടേയും എംഎല്‍എമാരുടേയും വോട്ട് ബിജെപിക്ക് കിട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രോസ് വോട്ടിന് പിന്നാലെ കോണ്‍ഗ്രസിലും ഭിന്നത രൂക്ഷമായിട്ടുണ്ട്. സംഭവത്തില്‍ പാര്‍ട്ടി നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക് നാഥ് ഷിന്‍ഡെ.

Other News in this category4malayalees Recommends