ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി. കോതക്കുറിശ്ശി സ്വദേശി കിഴക്കേപ്പുരയ്ക്കല്‍ 37കാരിയായ രജനിയാണ് മരണപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവായ 48കാരനായ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ കൊലപ്പെടുത്തിയതിന് പുറമെ, ഇവരുടെ മകള്‍ അനഘയുടെ കഴുത്തിനും കൃഷ്ണദാസ് വെട്ടിയിരുന്നു.
മരണത്തോട് മല്ലടിച്ച് അനഘ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ക്രൂരമായ അക്രമ പരമ്പകള്‍ അരങ്ങേറിയത്. വീട്ടിലെ മുറിയില്‍ കിടന്നുറങ്ങുമ്പോഴാണ് രജനിയെ തലയ്ക്കടിച്ചും വെട്ടിയും കൃഷ്ണദാസ് കൊലപ്പെടുത്തിയത്. സാരമായി പരിക്കേറ്റ രജനിയെയും അനഘയെയും ഒറ്റപ്പാലത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രജനി വൈകാതെ മരണപ്പെടുകയായിരുന്നു.
അനഘ ഐസിയുവില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. കുടുംബ പ്രശ്‌നങ്ങളാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. കൃഷ്ണദാസിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പോലീസ് അറിയിച്ചു.