രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കോടതി വിധി അപ്രതീക്ഷിതമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോടതിവിധിയെ നിയമപരമായി നേരിടും. രാജ്യത്ത് സംഭവിക്കുന്നത് ജനമറിയട്ടെ. ഏകാധിപതിക്കെതിരെയാണ് രാഹുല്‍ ശബ്ദമുയര്‍ത്തുന്നത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മോദി പരാമര്‍ശത്തിലൂടെ അഴിമതി തുറന്നുകാട്ടാനാണ് താന്‍ ശ്രമിച്ചതെന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍. ആരെയും വേദനിപ്പിക്കണമെന്ന് വേണ്ടിയല്ല പരാമര്‍ശം നടത്തിയത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും അദേഹം പറഞ്ഞു. തുടര്‍ന്ന് അപ്പീലിന് സാവകാശം നല്‍കി ഉത്തരവ് മരവിപ്പിച്ച കോടതി, രാഹുലിന് ജാമ്യം അനുവദിച്ചു.
മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചതോടെ അയോഗ്യത പ്രശ്‌നവും ഉയര്‍ന്നിട്ടുണ്ട്. ഒരു ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധി ആ സ്ഥാനത്തുനിന്ന് അയോഗ്യനാകുമെന്ന നിയമമാണ് വെല്ലുവിളിയാകുന്നത്. മാനനഷ്ടക്കേസില്‍ കോടതി പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തന്നെ വിധിച്ചതോടെ പാര്‍ലമെന്റ് അംഗമായ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത നേരിടും.