വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാല്‍ സിംഗിനെ പിടികൂടാനുള്ള തെരച്ചിലും, ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ നിരവധി കൂട്ടാളികളെ അറസ്റ്റ് ചെയ്തതുമായ സംഭവത്തില്‍ പഞ്ചാബിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു.
എന്‍ഡിപി നേതാവ് ജഗ്മീത് സിംഗ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കവെയാണ് ഹൗസ് ഓഫ് കോമണ്‍സില്‍ ട്രൂഡോയുടെ പ്രതികരണം. എന്നാല്‍ സിംഗ് ഉന്നയിച്ച മറ്റ് വിഷയങ്ങളില്‍ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.
ന്യൂനപക്ഷമായ ലിബറല്‍ പാര്‍ട്ടി ഗവണ്‍മെന്റിന് എന്‍ഡിപി പിന്തുണയുണ്ട്. എന്നാല്‍ ചണ്ഡീഗഢിലും, കശ്മീരിലും നടക്കുന്ന ജി20 പരിപാടികള്‍ കാനഡ ബഹിഷ്‌കരിക്കണമെന്നും, കാനഡക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാക്കള്‍ കാനഡയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്നും ഉള്‍പ്പെടെ ആവശ്യങ്ങള്‍ സിംഗ് ഉന്നയിച്ചു.
എന്നാല്‍ ജാഗ്രതയോടെ മറുപടി നല്‍കി പ്രശ്‌നം അവസാനിപ്പാക്കാനാണ് ട്രൂഡോ തയ്യാറായത്. കനേഡിയന്‍ വിദേശകാര്യ മന്ത്രിയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ ജാഗ്രത പാലിച്ചു.