ഇന്നസെന്റിനെ അവസാനമായി കാണാന്‍ ആയിരങ്ങള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെത്തി

ഇന്നസെന്റിനെ അവസാനമായി കാണാന്‍ ആയിരങ്ങള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെത്തി
നടന്‍ ഇന്നസെന്റെന്റിന്റെ ഭൗതിക ശരീരം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. എട്ട് മണി മുതല്‍ 11 മണിവരെയാണ് പൊതുദര്‍ശനത്തിന് വെയ്ക്കുക. ആയിരങ്ങളാണ് സ്റ്റേഡിയത്തിന് മുന്നില്‍ നടന് ആദരാഞ്ജിലികളര്‍പ്പിക്കാന്‍ എത്തിയത്.

ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും വൈകീട്ട് മൂന്നു മുതല്‍ നാളെ പത്ത് മണിവരെ വീട്ടിലും പൊതുദര്‍ശനം ഉണ്ടാകും. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ നിന്നും വിവിധ വ്യക്തിത്വങ്ങളും സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. സംസ്‌കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.

ഇന്നസെന്റ് ഇന്നലെ രാത്രി 10.30 ന് ആണ് അന്തരിച്ചത്. 75 വയസായിരുന്നു.

മാര്‍ച്ച് രണ്ടിനാണ് ഇന്നസെന്റിനെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശ്വാസകോശം, ഹൃദയം, കിഡ്‌നി എന്നിവയ്ക്കും പ്രശ്‌നങ്ങള്‍ ബാധിച്ചിരുന്നു.അദ്ദേഹത്തിന്റെ നില രണ്ടാഴ്ചയായി ഗുരുതരമായി തുടരുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതിന് ഇന്നസെന്റിനെ ചികിത്സിക്കുന്ന കാന്‍സര്‍ വിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. പ്രതീക്ഷയ്ക്ക് വകയില്ലാത്തവിധം അതീവഗുരുതരമായതിനാല്‍ ജീവന്‍ നിലനിറുത്തിയിരുന്ന എക്‌സ്ട്രാകോര്‍പ്പറിയല്‍ മെമ്പറന്‍സ് ഓക്‌സിജനേഷന്‍ (ഇ.സി.എം.ഒ) സംവിധാനം നീക്കാന്‍ 10 മണിയോടെ തീരുമാനിച്ചു. 10.30ന് മരണം സ്ഥിരീകരിച്ചു.

മരണവിവരമറിഞ്ഞ് താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. കാന്‍സര്‍ രോഗം അലട്ടിയെങ്കിലും ചിരിച്ച മുഖത്തോടെ നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. 18 വര്‍ഷം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു.

Other News in this category



4malayalees Recommends