അമേരിക്കയിലെ സമുന്നത് പുരസ്‌കാരം ഇന്ത്യന്‍ വംശജനായ പോലീസ് ഓഫീസര്‍ക്ക്; സുമിത്ത് സുലാന് ലഭിച്ചത് മെഡല്‍ ഓഫ് വാലര്‍; കുറ്റവാളിയെ വെടിവച്ച് വീഴ്ത്തി നിരവധി ജീവനുകള്‍ രക്ഷിച്ചതിന് ബൈഡന്റെ കൈകളില്‍ നിന്ന് ആദരമേറ്റു വാങ്ങി ധീരനായ ഓഫീസര്‍

അമേരിക്കയിലെ സമുന്നത് പുരസ്‌കാരം  ഇന്ത്യന്‍ വംശജനായ പോലീസ് ഓഫീസര്‍ക്ക്; സുമിത്ത് സുലാന്  ലഭിച്ചത് മെഡല്‍ ഓഫ് വാലര്‍; കുറ്റവാളിയെ വെടിവച്ച് വീഴ്ത്തി നിരവധി ജീവനുകള്‍ രക്ഷിച്ചതിന് ബൈഡന്റെ കൈകളില്‍ നിന്ന് ആദരമേറ്റു വാങ്ങി ധീരനായ ഓഫീസര്‍
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഇന്ത്യന്‍ വംശജനായ ഓഫീസറായ സുമിത്ത് സുലാനെ മെഡല്‍ ഓഫ് വാലര്‍ നല്‍കി ആദരിച്ചു. ഇയാള്‍ക്കൊപ്പം മറ്റ് ഒമ്പത് പേര്‍ക്കും ഈ ആദരം നല്‍കിയിട്ടുണ്ട്. പബ്ലിക്ക് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് അമേരിക്ക നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡാണിത്. ബുധനാഴ്ച വൈറ്റ് ഹൗസില്‍ വച്ച് നടന്ന ഒരു ചടങ്ങില്‍ വച്ചാണ് സുമിത്ത് ആദരം ഏറ്റ് വാങ്ങിയിരിക്കുന്നത്. തന്റെ സഹപ്രവര്‍ത്തകരായ രണ്ട് പോലീസുകാരെ കൊന്ന കുറ്റവാളിയെ വെടിവച്ച് കൂടുതല്‍ പേരുടെ ജീവന്‍ അപകടത്തിലാകുന്നത് തടഞ്ഞ ധീരകൃത്യം മാനിച്ചാണ് സുമിത്തിന് ആദരമേകിയിരിക്കുന്നത്.

ന്യൂയോര്‍ക്കിലെ ഹാര്‍ലെം നൈബര്‍ഹുഡില്‍ ഒരാള്‍ തന്റെ അമ്മയെയും സഹോദരനെയും വെടിവച്ച് കൊല്ലാനൊരുങ്ങുന്നുവെന്ന വിവരം കേട്ട് സുമിത്ത് , ജാസന്‍, റിവേറ എന്നീ രണ്ട് പോലീസുകാര്‍ക്കൊപ്പം ഇവിടേക്ക് കുതിച്ചെത്തിയതാണ് സംഭവത്തിന്റെ തുടക്കം. മകന്റെ തോക്കിന്‍ മുനയില്‍ പേടിച്ച് വിറച്ച ആ അമ്മ തന്നെയായിരുന്നു 911ല്‍ വിളിച്ച് പോലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നത്. പോലീസ് വന്നതറിഞ്ഞ് ആക്രമി മൂന്ന് പോലീസുകാര്‍ക്ക് നേരെ നിറെയൊഴിക്കുകയും കടുത്ത പരുക്കേറ്റ ജാസനും റിവേറയും പിന്നീട് മരിക്കുകയുമായിരുന്നു.

ആക്രമി നിറയൊഴിക്കാന്‍ തുടങ്ങിയ നിമിഷം സമയോചിതമായ നീക്കത്തിലൂടെ സുമിത്ത് അയാളെ നിറയൊഴിച്ച് കീഴ്‌പ്പെടുത്തി കൂടുതല്‍ അപകടങ്ങളുണ്ടാകാതെ രക്ഷിച്ചതിനാണ് പ്രസിഡന്റ് സമുന്നത പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരിക്കുന്നത്. ആക്രമിയുടെ തോക്കിന്‍ മുനമ്പില്‍ നിന്ന് ആക്രമിയുടെ അമ്മയെയും സഹോദരനെയും കാത്ത് രക്ഷിച്ചതിനാണ് സുമിത്തിനെ മെഡല്‍ ഓഫ് വാലര്‍ നല്‍കി ആദരിച്ചിരിക്കുന്നത്. ഇത് മറ്റ് പോലീസുകാര്‍ക്ക് മാതൃകയാണെന്ന് പ്രകീര്‍ത്തീകരിക്കാനും ബൈഡന്‍ മറന്നിട്ടില്ല.

Other News in this category4malayalees Recommends