ഹലാല്‍ ഫ്‌ളാറ്റ് പണിത് പരസ്യം ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നു; അതൊരു ഊളത്തരം ആയിരുന്നുവെന്ന്; കൊച്ചിയില്‍ മുസ്ലീമിന് വീടില്ലാ വിവാദത്തില്‍ ആരിഫ് ഹുസൈന്‍ തെരുവത്ത്

ഹലാല്‍ ഫ്‌ളാറ്റ് പണിത് പരസ്യം ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നു; അതൊരു ഊളത്തരം ആയിരുന്നുവെന്ന്; കൊച്ചിയില്‍ മുസ്ലീമിന് വീടില്ലാ വിവാദത്തില്‍ ആരിഫ് ഹുസൈന്‍ തെരുവത്ത്
കൊച്ചിയില്‍ മുസ്ലീംങ്ങള്‍ക്ക് വാടക വീടുകള്‍ അന്യമാകുന്നുവെന്ന് ഏഴുത്തുകാരനായ ഷാജി കുമാറിന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി പ്രഭാഷകനായ ആരിഫ് ഹുസൈന്‍ തെരുവത്ത്. കളമശ്ശേരിയില്‍ ഒരു വീട് നോക്കാന്‍ പോയപ്പോള്‍, ബ്രോക്കര്‍, ഷാജി എന്ന പേര് കേട്ട് മുസ്ലീമാണോ എന്ന് ചോദിച്ചതും, മുസ്ലീങ്ങള്‍ക്ക് വീട് കൊടുക്കരുതെന്ന് ഓണര്‍ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞുവെന്നുമാണ് ഇന്നലെ ഷാജി കുമാര്‍ പോസ്റ്റിട്ടത്. ഇതിന് മറുപടിയായാണ് ആരഫ് എത്തിയിരിക്കുന്നത്. മുസ്ലീം ആയവര്‍ക്ക് മാത്രം കൊച്ചിയില്‍ വീടുകൊടുക്കുന്നവര്‍ ഉണെടന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് വ്യക്തമാക്കി. അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

'കുറച്ച് നാള്‍ മുന്നേ വാടകവീട് നോക്കാന്‍ കാക്കനാട് സമീപമുള്ള ഒരു ഫ്‌ളാറ്റില്‍ പോയി. ഒഎല്‍എക്‌സ് നോക്കി ചിത്രം കണ്ട് ഇഷ്ടപ്പെട്ടാണ് ചെന്നത്. വൃത്തി ഉള്ള ചിത്രങ്ങള്‍ തന്നെ. ബ്രോക്കറുടെ നമ്പര്‍ ആണ് കൊടുത്തിരുന്നത്. ഫ്‌ളാറ്റ് നടന്നു കണ്ടശേഷം ഇറങ്ങാന്‍നേരം, ബ്രോക്കറോട് ചോദിച്ചു… 'ഓണറുടെ പേരെന്താണ്'.. ഓണറുടെ പേര് പറഞ്ഞു. 'മുസ്ലിം' പേര് തന്നെ. എന്റെ പേര് ചോദിച്ചു, ഞാന്‍ പറഞ്ഞു, ആരിഫ്. ഉടനെ ബ്രോക്കര്‍ എന്നോട് സലാം പറഞ്ഞു.

ഞാന്‍ സലാം മടക്കാതെ, 'ഹായ്, ഗുഡ് ഈവെനിങ്' എന്ന് പറഞ്ഞു. 'പേര് കണ്ട് തെറ്റിദ്ധരിക്കണ്ട, ഞാന്‍ മുസ്ലിം അല്ല' എന്ന് ഒരു വിശദീകരണവും കൊടുത്തു…! ബ്രോക്കറുടെ മുഖം മാറി. എന്നിട്ട് എന്നോട് പറഞ്ഞു. 'വീട് മുസ്ലിങ്ങള്‍ക്ക് മാത്രം ആണ് കൊടുക്കാന്‍ താല്‍പ്പര്യം ഉള്ളൂ… ഒന്നും വിചാരിക്കരുത്…'. ഞാന്‍ പറഞ്ഞു, അതിനു ഞാന്‍ നിരീശ്വരവാദി ആണ്. ഹിന്ദുവോ ക്രിസ്ത്യാനിയോ അല്ല, ഒരു മതത്തിലും വിശ്വസിക്കുന്നില്ല…! ബ്രോക്കര്‍ പറഞ്ഞു. 'അത് ഞാന്‍ ഓണറോട് ചോദിച്ചിട്ട് പറയാം…'.ആ ബ്രോക്കര്‍ പിന്നെ വിളിച്ചിട്ടില്ല…!

പിന്‍കുറിപ്പ്: ഇത് കെട്ടുകഥയാണ് എന്ന് തോന്നുന്നവരോട് ഡിങ്കന്‍ ചോദിക്കും. മതം തിരിച്ച് വീട് വാടകക്ക് കൊടുക്കുന്ന ഉത്തരേന്ത്യന്‍ രീതി കേരളത്തില്‍ എത്തി എങ്കില്‍, അതില്‍ മുസ്ലിങ്ങള്‍ക്ക് ഉള്ള പങ്ക് ചര്‍ച്ച ചെയ്യാതെ, സംഘികളെ മാത്രം ക്രൂശിച്ചതുകൊണ്ട് കാര്യമില്ല. മതം തിരിച്ച് വീട് വെക്കലും, വാങ്ങലും, വാടകക്ക് കൊടുക്കലും എല്ലാം എല്ലാ മതക്കാരും ചെയ്തുപോരുന്ന കാര്യമാണ്.

എന്നാല്‍, അതിനു കൂടുതല്‍ പ്രാമുഖ്യം കൊടുത്ത മുസ്ലിങ്ങള്‍ ആണ് ഈ ഗെറ്റോവത്കരണത്തിനു ആക്കം കൂട്ടിയത്. അതിനു സാക്ഷ്യം ആഗോളതലത്തില്‍ തന്നെ ഉള്ള മുസ്ലിംവത്കൃത പ്രദേശങ്ങളുടെ കണക്ക് എടുത്താല്‍ മതി. ഓരോ മുസ്ലിമും വീട് വെക്കണോ വാങ്ങാനോ നോക്കുന്ന നേരത്ത് ആദ്യം ചോദിക്കുന്നത് അത് 'ഞമ്മടെ ഏരിയ ആണോ, കൗമുകള്‍ ഉണ്ടോ, പള്ളി ഉണ്ടോ?, ഹലാല്‍ പോത്തിറച്ചി കിട്ടുന്ന സ്ഥലമാണോ?' എന്നൊക്കെ തന്നെ ആണ്..! ഇമ്മാതിരി സാധനങ്ങള്‍ ഒക്കെ കക്ഷത്തില്‍ വെച്ചിട്ട് ഇരവാദം നടത്തുന്ന ഏര്‍പ്പാട് ആദ്യം അവസാനിപ്പിക്കുക.

എന്നിട്ടും സംഘികള്‍ അത് ചെയ്യുന്നുണ്ട് എങ്കില്‍, നിങ്ങളോടൊപ്പം അതിനെതിരെ പോരാടാന്‍, ആദ്യം ഞാന്‍ ഉണ്ടാകും. അതുകൊണ്ട്, തല്‍ക്കാലം, ഇരവാദം ബന്ദ് കീജിയെ..!'

ഈ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ കൂടുതല്‍ വിശദീകരിച്ച് അദേഹം മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് കൂടി ഇട്ടിട്ടുണ്ട്. അതിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട മുസ്ലിങ്ങളെ…

നിങ്ങള്‍ക്ക് വീട് തരാത്ത ഒരു കാലം ഇവിടെ എത്തി എങ്കില്‍…

ഹലാല്‍ ഫ്‌ളാറ്റ് പണിത് പരസ്യം ചെയ്യുമ്പോള്‍ ഓര്‍ക്കണം ആയിരുന്നു…

അതൊരു ഊളത്തരം ആയിരുന്നു എന്ന്…!

അതുകൊണ്ട്…

ഒന്നുകില്‍…

നിങ്ങള്‍ തുടര്‍ന്നും ഹലാല്‍ ഫ്‌ലാറ്റ് തപ്പി നടക്കുക……!

അല്ലെങ്കില്‍…

ഇത്തരം 'ഹലാല്‍' ഊളത്തരങ്ങള്‍ കക്കൂസില്‍ ഇട്ട് ഫ്‌ലഷ് ചെയ്തു കളയുക…!

നിങ്ങളുടെ ഇതുപോലെ ഉള്ള സ്വയം അപരവത്കരണ ത്വരയുടെ ബാക്കി പത്രമാണ് ഇന്ന് നിങ്ങള്‍ കൊയ്യുന്നത്…

അതില്‍ കിടന്നു ഇരവാദം നിലവിളിക്കുന്നതിനു പകരം…

സ്വയം പരിഷകരിച്ച്…

ഘെട്ടോ വത്കരണത്തില്‍ നിന്നും രക്ഷപ്പെടുക…

ആവര്‍ത്തിക്കുന്നു….

സംഘികള്‍ അല്ല മുസ്ലിങ്ങളെ അപരവത്കരിക്കുന്നത്…

മുസ്ലിങ്ങള്‍ സ്വയം ആണ്…!


ഇരവാദം ബന്ദ് കീജിയെ..!

Other News in this category4malayalees Recommends