തെലുങ്ക് സൂപ്പര്‍ താരം രാം ചരണിന്റെ ബോളിവുഡ് അരങ്ങേറ്റ സിനിമയായിരുന്നു സഞ്ജീര്‍. അപൂര്‍വ്വ ലാഖിയ സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു. രാം ചരണുമായുള്ള സൗഹൃദത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
രാം ചരണ്‍ അടുത്ത സുഹൃത്ത് ആയിരുന്നുവെങ്കിലും ഇപ്പോള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത സുഹൃത്തുക്കളില്‍ ഒരാളായി മാറി എന്നാണ് അപൂര്‍വ്വ പറയുന്നത്. 'രാം ചരണ്‍ എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. സഞ്ജീര്‍ ബോക്‌സോഫീസില്‍ ഹിറ്റ് ആയില്ലെങ്കിലും ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി താമസിച്ചിട്ടുണ്ട്.'
പക്ഷെ ഇപ്പോള്‍ അദ്ദേഹം എന്റെ കോളുകള്‍ എടുക്കാറില്ല. എന്തുപറ്റിയെന്ന് അറിയില്ല. ആര്‍ആര്‍ആര്‍ ചിത്രം യുക്രൈനില്‍ ഷൂട്ട് ചെയ്യുമ്പോള്‍ രാം ചരണ്‍ എന്നെ വിളിച്ചിരുന്നു. ഇപ്പോള്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് ചോദിച്ചു. വലുതായി ഒന്നും ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞു.'
'മൂന്ന് ആക്ഷന്‍ സീനുകള്‍ ഷൂട്ട് ചെയ്യാനുണ്ട്, നിങ്ങള്‍ക്ക് അത് സംവിധാനം ചെയ്യാന്‍ വരാന്‍ കഴിയുമോ എന്ന് ചോദിച്ചു. അത് അറിയിക്കാം എന്ന് ഞാന്‍ പറഞ്ഞു. വീണ്ടും വീണ്ടും രാം ചരണ്‍ വിളിച്ചു. പക്ഷെ ഞാന്‍ മറ്റൊരു ഷൂട്ടില്‍ തിരക്കായി പോയിരുന്നു. പിന്നീട് എന്റെ കോളുകള്‍ രാം ചരണ്‍ എടുത്തിട്ടില്ല' എന്നാണ് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.