ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വിജിലന്‍സ് ഡിവൈഎസ്പി കെ.എ സുരേഷ് ബാബുവിന്റെ ഭാര്യ വി.പി. നസ്രത്ത് തട്ടിയെടുത്തത് കോടികളാണെന്ന് സൂചന. 40 ലക്ഷം രൂപ വരെ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ അറസ്റ്റ് വാറന്റുകള്‍ നിലനില്‍ക്കെയാണ് നസ്രത്ത് ഡിവൈഎസ്പിയെ വിവാഹം ചെയ്തത്.
കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം. മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹത്തില്‍ നിന്നും മോചനം നേടാതെയാണ് നുസ്രത്ത് വീണ്ടും വിവാഹിതയായത്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇവരുടെ ആഡംബര വിവാഹം. 10 ദിവസം മുമ്പ് മതാചാര പ്രകാരം വിവാഹിതരാകാന്‍ ശ്രമിച്ചെങ്കിലും രജിസ്റ്റര്‍ ചെയ്യാനായില്ല.
തൃശൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം അടക്കമുള്ള ജില്ലകളില്‍ ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത ശേഷം അഭിഭാഷക എന്നു ബോര്‍ഡ് വച്ചാണ് നസ്രത്ത് ഇടപാടുകള്‍ നടത്തിയിരുന്നത്. കോടതിക്ക് പുറത്തു സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം.
പണം വാങ്ങിയെടുത്ത ശേഷം കക്ഷികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയായിരുന്നു. പതിനഞ്ചോളം കേസുകള്‍ പല സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സ്വാധീനത്താല്‍ അറസ്റ്റ് ഒഴിവാക്കിയെന്നാണ് വിവരം. ഇവര്‍ക്കെതിരെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്.
എന്നാല്‍ പ്രതി ഒളിവിലാണ് എന്നായിരുന്നു പൊലീസ് വാദം. ഇതിനിടെ ഡിവൈഎസ്പിയെ വിവാഹം കഴിക്കുകയും ചെയ്തു. കുടുംബക്ഷേത്ര പുനരുദ്ധാരണത്തിന് ട്രസ്റ്റ് രൂപീകരിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസും നുസ്രത്തിന്റെ പേരിലുണ്ട്.