ഓസ്‌ട്രേലിയയില്‍ വീട് വിലകള്‍ കുതിച്ചുയരുന്നത് തുടരുന്നു; അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിച്ച റിസര്‍വ് ബാങ്കിന്റെ നടപടി ഫലം ചെയ്തില്ല; മേയില്‍ ദേശീയതലത്തില്‍ 0.33 ശതമാനം പെരുപ്പം; വാര്‍ഷിക വിലവര്‍ധനവ് 1.55 ശതമാനം
ഓസ്‌ട്രേലിയയില്‍ വീട് വിലകള്‍ വര്‍ധിക്കുന്ന പ്രതിസന്ധി തുടരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ മുന്നറിയിപ്പേകുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ അടിസ്ഥാന പലിശനിരക്കില്‍ വര്‍ധനവ് വരുത്തിയിട്ടും ഈ സ്ഥിതിക്ക് മാറ്റം വന്നില്ലെന്നത് വീട് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് കടുത്ത തിരിച്ചടിയായി തുടരുകയാണ്. മേയ് മാസത്തില്‍ ദേശീയതലത്തില്‍ വീട് വിലയില്‍ 0.33 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഈ വര്‍ഷം വീട് വിലയില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവ് 1.55 ശതമാനമാണെന്നാണ് പ്രോപ്ട്രാക്കിന്റെ ഹൗസ് പ്രൈസ് ഇന്‍ഡെക്‌സ് വെളിപ്പെടുത്തുന്നത്.
ഡാര്‍വിന്‍ ഒഴിച്ചുള്ള എല്ലാ കാപിറ്റല്‍ സിറ്റികളിലും വീട് വില വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. റീജിയണല്‍ എന്‍എസ്ഡബ്ല്യൂ, റീജിയണല്‍ വിക്ടോറിയ എന്നിവിടങ്ങളിലൊഴികെ എല്ലാ റീജിയണല്‍ മാര്‍ക്കറ്റുകളിലും വീട് വിലകള്‍ കുതിച്ചുയരുന്ന പ്രവണത തുടരുകയാണ്. പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം തുടരുന്ന ആര്‍ബിഎ നടപടിയൊന്നും വീട് വില പരിധി വിട്ടുയരുന്നതിനെ പിടിച്ച് നിര്‍ത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് പ്രോപ്ട്രാക്കിലെ എലീനര്‍ ക്രെഗ് എടുത്ത് കാട്ടുന്നത്.
എങ്ങനെയെങ്കിലും സ്വന്തമായൊരു വീട് വാങ്ങുകയെന്ന ലക്ഷ്യത്തോടെ ഹൗസിംഗ് മാര്‍ക്കറ്റിലേക്ക് ഓസ്‌ട്രേലിയക്കാര്‍ കൂട്ടത്തോടെ ഇറങ്ങിയത് വീടുകളുടെ ഡിമാന്റ് വര്‍ധിപ്പിക്കുകയും വീട് വിലകള്‍ വര്‍ധിക്കാന്‍ പ്രധാന കാരണമായി വര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസങ്ങളായി തുടര്‍ച്ചയായി വീട് വിലകള്‍ വര്‍ധിക്കുന്നതിനും പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ നില മെച്ചപ്പെടുകയുമാണ് ചെയ്തിരിക്കുന്നത്. ആഢംബര നഗരമായ സിഡ്‌നിയില്‍ കഴിഞ്ഞ ആറ് മാസമായി വീട് വിലകള്‍ കുതിച്ചുയരുകയാണ്. ഇവിടെ കഴിഞ്ഞ വര്‍ഷം വിലകള്‍ താഴ്ന്നതിന് ശേഷം വിലകളില്‍ 0.58 ശതമാനം മുതല്‍ 3.03 ശതമാനം വരെ വിലകളുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 12 മാസങ്ങളിലായി 1.96 ശതമാനമാണിവിടെ വീട് വില വര്‍ധനവ്. മെല്‍ബണില്‍ മേയ് മാസത്തില്‍ 0.22 ശതമാനമാണ് വര്‍ധനവ്.ബ്രിസ്ബാനില്‍ മേയില്‍ 0.33 ശതമാനമാണ് വിലവര്‍ധനവ്. അഡലെയ്ഡില്‍ മേയില്‍ 0.58 ശതമാനവും പെര്‍ത്തില്‍ 0.64 ശതമാനവുമാണ് വീട് വിലകളുയര്‍ന്നിരിക്കുന്നത്.