നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം അതിഗംഭീരമായി

നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം അതിഗംഭീരമായി
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 3 ശനിയാഴ്ച ന്യൂഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 11:00 മണി മുതല്‍ വിവിധ കലാപരിപാടികളോടെ അതിഗംഭീരമായി ആഘോഷിച്ചു.


രാധാമണി നായര്‍, രത്‌നമ്മ നായര്‍, ശോഭ കറുവക്കാട്ട്, ലതിക നായര്‍, വത്സല പണിക്കര്‍, മുരളി പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍, സ്വഗൃഹങ്ങളില്‍ നിന്ന് പാചകം ചെയ്തുകൊണ്ടു വന്ന സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഓണ സദ്യ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി.



ഓണസദ്യക്ക് ശേഷം ഓഡിറ്റോറിയത്തിലേക്ക് മഹാബലിയെ തായമ്പകയുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെ വരവേറ്റു. ശ്രീ രാമന്‍ കുട്ടിയാണ് പ്രൗഢഗംഭീരമായി മഹാബലിയെ അവതരിപ്പിച്ചത്. മഹാബലിയുടെ അനുഗ്രഹ വര്‍ഷത്തോടെ തായമ്പകയുടെ മേളപ്പെരുക്കം അവതരിപ്പിച്ചത് ബാബു മേനോന്റെ നേതൃത്വത്തിലാണ്. രോഹന്‍ നായര്‍, നരേന്ദ്രന്‍ നായര്‍, ശശി പിള്ള, സദാശിവന്‍ നായര്‍, രാധാകൃഷ്ണന്‍ തരൂര്‍, പുരുഷോത്തമന്‍ പണിക്കര്‍, സുരേഷ് ഷണ്‍മുഖം എന്നീ വിദഗ്ദ്ധരാണ് മേളത്തില്‍ പങ്കെടുത്തത്.


തുടര്‍ന്ന് രാധാമണി നായരുടെ ശ്രുതിമധുരവും ഭക്തിനിര്‍ഭരവുമായ പ്രാര്‍ത്ഥനാ ഗാനാലാപനത്തോടെ ഫസ്റ്റ് ലേഡി പത്മാവതി നായര്‍, എന്‍.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍, ഡോ. പി.ജി. നായര്‍, വിശിഷ്ടാതിഥികളായ എ.കെ. വിജയകൃഷ്ണന്‍, സുധീര്‍ നമ്പ്യാര്‍, ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജി.കെ. നായര്‍, ജയപ്രകാശ് നായര്‍, ഗോപിനാഥക്കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.


എന്‍.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍ ഏവരേയും സ്വാഗതം ചെയ്തുകൊണ്ട് സനാതനധര്‍മ്മം നേരിടുന്ന വെല്ലുവിളികളെ ഹൈന്ദവ സഹോദരങ്ങള്‍ വിഭാഗീയ ചിന്തകള്‍ മാറ്റിനിര്‍ത്തിക്കൊണ്ട് നേരിടണമെന്നും, നാട്ടില്‍ നടക്കുന്ന മതാടിസ്ഥാനത്തിലുള്ള സംവരണാനുകൂല്യങ്ങള്‍ സാമ്പത്തികാടിസ്ഥാനത്തിലാക്കി മനുഷ്യരെ തുല്യരായി കാണുന്ന മാവേലി നാടുവാണിരുന്ന കാലത്തേതു പോലെയുള്ള, നമ്മുടെ കര്‍മ്മഭൂമിയായ യു.എസ്സിലേതുപോലെ ജന്മഭൂമിയിലും നടപ്പിലാക്കുന്നതിന് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്തു.



പിന്നീട് എന്‍.ബി.എ. വനിതാ ഫോറം അവതരിപ്പിച്ച തിരുവാതിര ചടങ്ങുകള്‍ക്ക് ചാരുതയേകി. ശോഭ കറുവക്കാട്ട്, രാധാമണി നായര്‍, സുജാത പാലാട്ട്, ശോഭാ മേനോന്‍, പ്രജിത നായര്‍, വനജ നായര്‍, ലതിക ഉണ്ണി, ചന്ദ്രലേഖ നായര്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച നയനമനോഹരമായ തിരുവാതിര കോറിയോഗ്രാഫ് ചെയ്തത് ജോയിന്റ് സെക്രട്ടറി കൂടിയായ ഊര്‍മിള റാണി നായരാണ്.


തിരുവാതിരയെത്തുടര്‍ന്ന് മുഖ്യാതിഥി എ.കെ. വിജയകൃഷ്ണന്‍ (പബ്ലിക് അഫയേഴ്‌സ്, ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ്) ജനനന്മയ്ക്കായി കോണ്‍സുലേറ്റ് ആവിഷ്‌കരിച്ചിരിക്കുന്ന പ്രത്യേക പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ചീഫ് ഗസ്റ്റ് സുധീര്‍ നമ്പ്യാര്‍ (ജനറല്‍ സെക്രട്ടറി, ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍) ഓണസന്ദേശം നല്‍കി. വിശിഷ്ടാതിഥി ഫോമ പ്രസിഡന്റ് ഡോ. ജേക്കബ്ബ് തോമസ് ഓണത്തെ പറ്റി മഹത്തായ ഒരു പ്രസംഗം ചെയ്തു. എന്‍.ബി.എ. ട്രഷറര്‍ ഗോപിനാഥക്കുറുപ്പ് ഈ വര്‍ഷത്തെ പുതിയ അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി.



എന്‍.ബി. എ. സംഘടിപ്പിച്ച പിക്‌നിക്കിലെ കായിക മത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ച ക്രിഷിവ് അഖില്‍, ഹിമാ നായര്‍, വനജ നായര്‍, രാധാമണി നായര്‍, ഉണ്ണിക്കൃഷ്ണന്‍ നായര്‍, പുരുഷോത്തമന്‍ പണിക്കര്‍ എന്നിവര്‍ക്കുള്ള പാരിതോഷികം വിശിഷ്ടാതിഥികളും എന്‍.ബി.എ. ഭാരവാഹികളും ചേര്‍ന്ന് സമ്മാനിച്ചു. അക്ഷിത ദീപു, ആവണി ശാന്തിലിയ, എന്നിവര്‍ പല ഭാവങ്ങളില്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ ഏവരെയും ഹഠാദാകര്‍ഷിച്ചു. ശ്രുതിമധുരങ്ങളായ ഗാനങ്ങള്‍ ആലപിച്ചത് അജിത് നായര്‍, രവി നായര്‍, പ്രഭാകരന്‍ നായര്‍, അക്ഷിത ദീപു, ക്രിഷ് അഖില്‍, ശ്രുതി, സായി, ഹിമാ നായര്‍ എന്നിവരാണ്. ജയപ്രകാശ് നായരും രാധാമണിയും കവിതകളും ആലപിച്ചു.


കലാപരമായി ഓണപ്പൂക്കളമിടുവാന്‍ വത്സലാ പണിക്കര്‍, രാധാമണി നായര്‍, ഷൈലജ പണിക്കര്‍, രത്‌നമ്മ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്റ്റേജ് അലങ്കാരം പതിവുപോലെ തന്നെ സുധാകരന്‍ പിള്ളയുടെ കൈയ്യില്‍ ഭദ്രമായിരുന്നു. ഊര്‍മ്മിള റാണി നായര്‍ എം.സി.യായി പരിപാടികള്‍ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ശശി പിള്ള നന്ദി പ്രകാശിപ്പിച്ചു. ഭാരതത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ഓണാഘോഷ പരിപാടികള്‍ സമംഗളം പര്യവസാനിച്ചു.


റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍



Other News in this category



4malayalees Recommends