മുഖ്യമന്ത്രിക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്ടറെത്തി ; 80 ലക്ഷം രൂപ മാസ വാടക

മുഖ്യമന്ത്രിക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്ടറെത്തി ; 80 ലക്ഷം രൂപ മാസ വാടക
മുഖ്യമന്ത്രിക്കും പൊലീസിനും വേണ്ടി സ്വകാര്യ കമ്പനിയില്‍ നിന്ന് വാടകക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരത്തെത്തി. മൂന്ന് വര്‍ഷത്തേക്കാണ് സ്വകാര്യ കമ്പനിയുമായി വാടക കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മാസം 80 ലക്ഷം രൂപയ്ക്ക് ഇരട്ട എഞ്ചിന്‍ ഹെലികോപ്ടര്‍ ആണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെത്തിച്ച ഹെലികോപ്ടര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

നിത്യ ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാകാതെ സംസ്ഥാനം ബുദ്ധിമുട്ടുന്നതിനിടെ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതില്‍ സര്‍ക്കാര്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്. 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം ആ കരാര്‍ പുതുക്കിയില്ല. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും ഹെലികോപ്ടര്‍ തിരിച്ചെത്തിയിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ആഭ്യന്തരവകുപ്പ് ഇതു സംബന്ധിച്ച് അന്തിമ കരാറിലെത്തിയത്.

ഒരു മാസം 20 മണിക്കൂര്‍ പറക്കാനാണ് 80 ലക്ഷം രൂപ വാടക. അതില്‍ കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നല്‍കണം. ഹെലികോപ്ടറില്‍ പൈലറ്റ് ഉള്‍പ്പടെ 11 പേര്‍ക്ക് യാത്ര ചെയ്യാം. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയ പൊലീസിന്റെ ആവശ്യത്തിനും ഹെലികോപ്റ്റര്‍ ഉപയോഗിക്കും.

Other News in this category



4malayalees Recommends