കെ രാധാകൃഷ്ണന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് യോഗക്ഷേമ സഭ; മന്ത്രിയുടെ പ്രസ്താവനയില്‍ ദുഷ്ടലാക്ക് സംശയിക്കുന്നു: അഖില കേരള തന്ത്രി സമാജം

കെ രാധാകൃഷ്ണന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് യോഗക്ഷേമ സഭ; മന്ത്രിയുടെ പ്രസ്താവനയില്‍ ദുഷ്ടലാക്ക് സംശയിക്കുന്നു: അഖില കേരള തന്ത്രി സമാജം
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ജാതി അധിക്ഷേപം നേരിട്ടുവന്ന പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് യോഗക്ഷേമ സഭ. മന്ത്രി കെ രാധാകൃഷ്ണന്റെ പ്രസ്താവന ഏറെ ദുഃഖകരമെന്നും ജാതി വിവേചനമല്ല, ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തില്‍ നടന്നതെന്നും അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പറഞ്ഞു. പഴയ സംഭവങ്ങള്‍ ഇപ്പോള്‍ കുത്തിപ്പൊക്കുന്നത് വിവാദങ്ങള്‍ സൃഷ്ടിക്കാനാണെന്നും അക്കീരമണ്‍ ആരോപിച്ചു.

ജാതി വിവേചനം നേരിട്ടെന്ന മന്ത്രിയുടെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജവും രംഗത്തെത്തിയിരുന്നു. ശുദ്ധി പാലിക്കുന്നത് ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും അഖില കേരള തന്ത്രി സമാജം പ്രതികരിച്ചു.

മന്ത്രിയുടെ പരാമര്‍ശം തെറ്റിദ്ധാരണ കാരണമാണ്. ദേവ പൂജ അവസാനിക്കുന്നത് വരെ പൂജാരി ആരെയും സ്പര്‍ശിക്കാറില്ലെന്നും ഇക്കാര്യത്തില്‍ ബ്രാഹ്മണ അബ്രാഹ്മണ ഭേദമില്ലെന്നും തന്ത്രി സമാജം വാര്‍ത്താകുറിപ്പില്‍ പറയുന്നു. മാസങ്ങള്‍ക്ക് ശേഷമുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ ദുഷ്ടലാക്ക് സംശയിക്കുന്നതായും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ജാതി അധിക്ഷേപം നേരിട്ടുവന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഒരു ക്ഷേത്രത്തില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ജാതിയുടെ പേരില്‍ തന്നെ മാറ്റി നിര്‍ത്തിയെന്നാണ് ദേവസ്വം മന്ത്രി പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചതായും കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends