ഓസ്‌ട്രേലിയയും സിംഗിന്റെ കൊലപാതക പ്രശ്‌നത്തില്‍ കാനഡയുടെ ഭാഗത്തോ...? ഇക്കാര്യത്തില്‍ ട്രൂഡോയുമായി നടത്തിയ ചര്‍ച്ചയിലെ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ആല്‍ബനീസ്; ഫൈവ് ഐസ് ഗ്രൂപ്പ് സഖ്യവും കാനഡയുടെ ആരോപണത്തെ ഗൗരവമായെടുക്കുന്നു
കാനഡയില്‍ സിഖ് തീവ്രവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സെക്യൂരിറ്റി ബ്രീഫീംഗ് വെളിപ്പെടുത്താനാവില്ലെന്ന് പത്രക്കാരോട് തറപ്പിച്ച് പറഞ്ഞ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനീസ് രംഗത്തെത്തി. ഈ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണത്തെ വളരെ ഗൗരവകരമായിട്ടാണ് ഓസ്‌ട്രേലിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതേ നിലപാടാണ് ഈ വിഷയത്തില്‍ തങ്ങള്‍ക്കെന്ന് വ്യക്തമാക്കി കാനഡയും ഓസ്‌ട്രേലിയും യുകെയും യുഎസും ന്യൂസിലാന്‍ഡും ഒത്ത് ചേര്‍ന്ന ഫൈവ് ഐസ് ഗ്രൂപ്പ് എന്ന സഖ്യവും പ്രതികരിച്ചിട്ടുണ്ട്.ഈ സഖ്യത്തിലെ അംഗമെന്ന നിലയില്‍ ഈ കൊലപാതകത്തെക്കുറിച്ച് കാനഡയില്‍ നിന്ന് ലഭിച്ച സെക്യൂരിറ്റി ബ്രീഫിംഗ് പരസ്യമാക്കാനാവില്ലെന്നാണ് ആല്‍ബനീസ് പത്രക്കാരോട് തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. ഈ പ്രശ്‌നത്തെക്കുറിച്ച് താന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിലെ രഹസ്യവിവരങ്ങളെല്ലാം പരസ്യമാക്കാനാവില്ലെന്നുമാണ് ആല്‍ബനീസ് പറയുന്നത്.
ഈ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള ട്രൂഡോവിന്റെ ആരോപണത്തെ ഗൗരവകരമായെടുക്കുന്നുവെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.അന്വേഷണം പുരോഗതിക്കുകയാണെന്നും ഇതിന്റെ പുരോഗതി ഓസ്‌ട്രേലിയ സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണെന്നുമാണ് പെന്നി വ്യക്തമാക്കിയിരിക്കുന്നത്. കാനഡയുടെ ആരോപണത്തില്‍ ആശങ്ക രേഖപ്പെടുത്തി നേരത്തെ യുഎസും രംഗത്തെത്തിയിരുന്നു.