സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എടുത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച വിദ്യാര്‍ഥി പിടിയിലായി. ഈ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സോഷ്യല്‍മീഡിയയില്‍ നിന്നും സ്‌കൂള്‍ ഗ്രൂപ്പുകളില്‍ നിന്നുമാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്തിരുന്നത്. നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് പ്രചരിപ്പിച്ചത്. വയനാട് സൈബര്‍ പൊലീസിന്റെ ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പതിനാലുകാരന്‍ പിടിയിലായത്.
വിപിഎന്‍ സാങ്കേതിക വിദ്യയും ചാറ്റുബോട്ടുകളും ദുരുപയോഗം ചെയ്താണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇങ്ങനെ ചെയ്താല്‍ പിടിക്കപ്പെടില്ലെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ കണക്കുകൂട്ടല്‍. നിരവധി ഐപി വിലാസങ്ങള്‍ പരിശോധിച്ചും, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം കമ്പനികളില്‍ നിന്നു ലഭിച്ച ഫേക്ക് അക്കൗണ്ടുകളുടെ വിവരങ്ങളുപയോഗിച്ചുമാണ് വിദ്യാര്‍ഥിയെ പൊലീസ് കണ്ടെത്തിയത്.