ഗാസയില്‍ ഇന്നു മുതല്‍ നാല് ദിവസത്തേക്ക് യുദ്ധ ഇടവേള പ്രഖ്യാപിച്ചു. ഇന്നു രാവിലെ ഏഴുമുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം നാല് ദിവസത്തേക്കാണ് യുദ്ധ ഇടവേള പ്രഖ്യാപിച്ചത്.
വൈകീട്ട് 4 മണിയോടെ പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്നും ഖത്തര്‍ വ്യക്തമാക്കി. ഇവരെ റെഡ് ക്രോസിനു കൈമാറും. നാലു ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കുമെന്നാണ് കരാറെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു.
ബന്ദികളുടേയും തടവുകാരുടേയും കൈമാറ്റങ്ങള്‍ക്കനുസൃതമായി യുദ്ധ ഇടവേള കരാര്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാനുഷിക വിരാമം നീട്ടണമെന്ന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഈജിപ്തും അമേരിക്കയും പ്രധാന പങ്കുവഹിച്ചു.
ബന്ദികളാക്കിയവരില്‍ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാമെന്ന് ഹമാസ് സമ്മതിച്ചു. പകരമായി ഇസ്രയേല്‍ തടവിലാക്കിയ പലസ്തീനി സ്ത്രീകളെയും കുട്ടികളെയും സ്വതന്ത്രരാക്കും. ഇസ്രയേല്‍ ജയിലിലുള്ള 150 തടവുകാരെയാണ് മോചിപ്പിക്കുക.
ഇന്ധനം ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ വെടിനിര്‍ത്തല്‍ കാലയളവില്‍ ഗാസയിലെത്തിക്കും. റഫാ അതിര്‍ത്തി വഴിയാകും സഹായവുമായുള്ള വാഹനങ്ങള്‍ ഈജിപ്തില്‍നിന്നു ഗാസയിലേക്ക് പ്രവേശിക്കുക. മൂന്നിനെതിരേ 35 വോട്ടുകള്‍ക്കാണു മാനുഷിക വിരാമത്തിനുള്ള തീരുമാനം ഇസ്രയേല്‍ മന്ത്രിസഭ തീരുമാനം അംഗീകരിച്ചത്. തീവ്രവലതു പാര്‍ട്ടിയായ ഒട്‌സമ യഹൂദിത് പാര്‍ട്ടി മാത്രമാണ് വെടിനിര്‍ത്തല്‍ കരാറിനെതിരേ വോട്ട് ചെയ്തത്. ആഴ്ചകളായി നീളുന്ന ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന് മേലുള്ള ആദ്യ നയതന്ത്ര വിജയമാണിത്