11 വര്‍ഷത്തിന് ശേഷം ഓസ്‌കാര്‍ പിസ്റ്റോറിയസിന് പരോള്‍ അനുവദിച്ചു
പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിംപിക്‌സ് താരം ഓസ്‌കാര്‍ പിസ്റ്റോറിയസിന് ഒടുവില്‍ പരോള്‍. 11 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഓസ്‌കാര്‍ പിസ്റ്റോറിയസിന് അടുത്ത വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങാം. ദക്ഷിണാഫ്രിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷണല്‍ സര്‍വ്വീസിന്റേതാണ് തീരുമാനം. 37കാരനായ ഓസ്‌കാര്‍ പിസ്റ്റോറിയസിന് 13 വര്‍ഷവും 5 മാസവുമാണ് ജയിലില്‍ കഴിയേണ്ടിയിരുന്നത്. പരോള്‍ ബോര്‍ഡ് ഇതില്‍ ഇളവ് നല്‍കുകയായിരുന്നു.
പുറത്തിറങ്ങിയാലും പിസ്റ്റോറിയസ് അധികൃതരുടെ നിരീക്ഷണത്തിലാവും കഴിയേണ്ടി വരിക. ശിക്ഷാ കാലയളവ് കഴിയും വരെ നിരീക്ഷണം തുടരും. ഇക്കാലയളവില്‍ വീട് മാറുകയോ ജോലിക്ക് ചേരുകയോ ചെയ്യുന്ന പക്ഷം അത് പരോള്‍ ഓഫീസറെ അറിയിക്കണം. കൃത്യമായ ഇടവേളകളില്‍ തെറാപ്പി സെഷനുകളിലും പിസ്റ്റോറിയസ് പങ്കെടുക്കണം എന്നീ നിബന്ധനകളോടെയാണ് പരോളിന് വഴിയൊരുങ്ങുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന പരോള്‍ ബോര്‍ഡിന്റേതാണ് തീരുമാനം.
2016ലാണ് പിസ്റ്റോറിയസ് തടങ്കലിലായത്. 13 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഓസ്‌കാര്‍ പിസ്റ്റോറിയസിന് വിധിച്ചിരുന്നത്. 2013ലാണ് കേസിനാസ്പദമായ അക്രമ സംഭവം നടന്നത്. 2013ലെ വാലന്‍ന്റൈന്‍ ദിനത്തിലാണ് കാമുകിയായ റീവ സ്റ്റീന്‍കാംപ് എന്ന പ്രമുഖ മോഡലിനെ ഓസ്‌കാര്‍ പിസ്റ്റോറിയസ് കൊലപ്പടുത്തിയത്. അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ എത്തിയ കാമുകിയെ കള്ളനെന്ന് തെറ്റിദ്ധരിച്ചാണ് പിസ്റ്റോറിസ് വെടിവെച്ചതെന്നാണ് അന്ന് ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രിട്ടോറിയയിലെ ജയിലില്‍ വച്ചാണ് പരോള്‍ അപേക്ഷയില്‍ വാദം നടന്നത്. റീവ സ്റ്റീന്‍കാംപിന്റെ അമ്മ പരോള്‍ അപേക്ഷയെ എതിര്‍ത്തില്ല. സെപ്തംബറില്‍ റീവ സ്റ്റീന്‍കാംപിന്റെ പിതാവ് ബാരി മരണപ്പെട്ടിരുന്നു. പിസ്റ്റോറിസിന്റെ കുറ്റസമ്മതവും തടവു കാലത്തെ പെരുമാറ്റവും എല്ലാം വിലയിരുത്തിയാണ് പരോള്‍ കോടതിയുടെ തീരുമാനം. 2015ലാണ് കോടതി പിസ്റ്റോറിസിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.