ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ; പ്രതികളെന്ന് സംശയിക്കുന്നവരുടെ കസ്റ്റഡിയിലേക്ക് നയിച്ചത് നീല കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ; പ്രതികളെന്ന് സംശയിക്കുന്നവരുടെ കസ്റ്റഡിയിലേക്ക് നയിച്ചത് നീല കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം
ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ കസ്റ്റഡിയിലേക്ക് നയിച്ചത് കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും ഓട്ടോ ഡ്രൈവറുടെ മൊഴിയും. ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും ഭാര്യയും മകളും കസ്റ്റഡിയിലായത് കേരള അതിര്‍ത്തിക്ക് പുറത്ത് തെങ്കാശിയില്‍ നിന്നാണ്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പത്മകുമാറാണെന്ന് പറയുമ്പോഴും എന്തായിരുന്നു ലക്ഷ്യമെന്നതില്‍ വ്യക്തത വന്നിട്ടില്ല.

5 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ വൈകീട്ട് പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കുട്ടിയുമായി പ്രതികളെത്തിയ നീല കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പൊലീസ് പുറത്തിറക്കിയ രേഖാചിത്രം കണ്ട് അയിരൂര്‍ സ്വദേശി നല്‍കിയ വിവരവുമാണ് ഇവരിലേക്കെത്താന്‍ സഹായിച്ചത്.

തെങ്കാശിയില്‍ നിന്ന് പിടിയിലായ 3 പേരെയും അടൂരിലെ എ.ആര്‍. ക്യാമ്പിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്‌തെങ്കിലും എന്തിന്, എങ്ങനെ തുടങ്ങി പല ചോദ്യങ്ങള്‍ക്കും ഇനിയും ഉത്തരമില്ല. രാത്രി ഒമ്പതര മണിയോടെ എഡിജിപി എം.ആര്‍.അജിത്ത്കുമാര്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിപ്പ് വന്നെങ്കിലും ഉണ്ടായില്ല. ഇതിനിടെ പല വിവരങ്ങളും പുറത്തുവന്നു. ഒന്നിനും സ്ഥിരീകരണമുണ്ടായില്ല. അതേസമയം, അയല്‍ക്കാരില്‍ നിന്ന് അകലം പാലിച്ചിരുന്ന ചാത്തന്നൂര്‍ സ്വദേശി പത്മകുമാറാണ് കസ്റ്റഡിയിലുള്ളത് എന്ന വാര്‍ത്ത വിശ്വസിക്കാനാകാത്ത അവസ്ഥയിലായിരുന്നു നാട്ടുകാര്‍.

Other News in this category



4malayalees Recommends