ബ്രിട്ടന്റെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയെന്ന പദവിയില്‍ നിന്നും ഋഷി സുനാകിനെ താഴെയിറക്കാന്‍ ലേബര്‍ പാര്‍ട്ടി മാത്രമല്ല, ടോറി പാര്‍ട്ടിയിലെ എംപിമാരും ശ്രമിച്ച് വരികയാണ്. ഇതിനുള്ള സകല ആയുധങ്ങളും ഒരുക്കിവെച്ച് ടോറി എംപിമാര്‍ ഒരുങ്ങുകയാണ്. ആ ഘട്ടത്തിലാണ് സുനാകിനെ പ്രതിരോധത്തിലാക്കി ഇന്ന് കോവിഡ് അന്വേഷണ കമ്മിറ്റി മുന്‍പാകെ സുനാക് ഹാജരാകുന്നത്.
എട്ട് മണിക്കൂര്‍ നീളുന്ന കമ്മിറ്റിയുടെ ചോദ്യം ചെയ്യല്‍ ഋഷി സുനാകിനെ വീഴ്ത്തുമോ, അതോ വാഴ്ത്തുമോ എന്നതാണ് പ്രധാനം. മഹാമാരി കാലത്ത് ചാന്‍സലറായിരുന്ന സുനാക് ഹോസ്പിറ്റാലിറ്റി മേഖലയെ സഹായിക്കാനായി 'ഈറ്റ് ഔട്ട് ടു ഹെല്‍പ്പ് ഔട്ട് സ്‌കീമിന്' തുടക്കം കുറിച്ചിരുന്നു. ഇത് വൈറസ് വ്യാപനത്തിന് സഹായിച്ചുവെന്നാണ് ശാസ്ത്രജ്ഞരുടെ ആരോപണം.
ഇതോടൊപ്പം അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള റുവാന്‍ഡ ബില്‍ കോമണ്‍സില്‍ അവതരിപ്പിക്കുമ്പോള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. ഒരാഴ്ച മുന്‍പ് വരെ ഒപ്പം നിന്നിരുന്ന മുന്‍ ഇമിഗ്രേഷന്‍ മന്ത്രിയാണ് റുവാന്‍ഡ പദ്ധതി പൊളിയുമെന്ന് പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. പൊതുജനങ്ങളെ സ്‌കീമിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നാണ് റോബര്‍ട്ട് ജെന്റിക്കിന്റെ ആരോപണം.
ചെറുബോട്ടുകളില്‍ എത്തുന്ന കുടിയേറ്റക്കാരെ പുറത്താക്കാന്‍ പുതിയ നിയമങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നടിക്കുന്നുവെന്നാണ് ജെന്റിക്കിന്റെ വിമര്‍ശനം. പണിയെടുക്കാത്ത ബില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അവതരിപ്പിക്കുന്നതെന്ന് റുവാന്‍ഡ ഡിപ്പോര്‍ട്ടേഷന്‍ സ്‌കീമിനെ നിശിതമായി വിമര്‍ശിച്ച് മുന്‍ ഇമിഗ്രേഷന്‍ മന്ത്രി ആരോപിക്കുന്നു.
എന്നാല്‍ സ്വന്തം കരിയര്‍ മെച്ചപ്പെടുത്താനാണ് മുന്‍ മന്ത്രിയുടെ ശ്രമമെന്ന് പ്രധാനമന്ത്രിയുടെ അനുകൂലികള്‍ കുറ്റപ്പെടുത്തി. 'നാടകീയമായാണ് റോബര്‍ട്ട് ട്യൂണ്‍ മാറ്റിയത്. ഇത് നയത്തെ സംബന്ധിച്ച ആശങ്കയേക്കാള്‍ സ്വന്തം കരിയര്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ആളുകളെ ചിന്തിപ്പിക്കുന്നു', ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ പറയുന്നു.