മലയാളികള്‍ ഉള്‍പ്പെടെ ബ്രിട്ടനില്‍ കെയറര്‍ ജോലി ലക്ഷ്യമിടുന്നവര്‍ക്ക് ഇതൊരു ശുഭവാര്‍ത്തയാണ്. അടുത്ത വര്‍ഷം ബന്ധുക്കള്‍ക്കായി കെയര്‍ ചെയ്യുന്ന കാല്‍ശതമാനത്തോളം പേരും ജോലി ഉപേക്ഷിക്കാനോ, പ്രവൃത്തിസമയം കുറയ്ക്കാനോ ഉദ്ദേശിക്കുന്നതായാണ് ഒരു റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. നികുതിദായകര്‍ക്ക് 6 ബില്ല്യണ്‍ പൗണ്ട് ബാധ്യത വരുത്തുന്ന നീക്കമാണിത്.
ജോലി ചെയ്യാന്‍ പ്രായത്തിലുള്ള 41 ശതമാനം കെയറര്‍മാരാണ് ജോലി സ്ഥലത്ത് വിട്ടിറങ്ങാനോ, പ്രവൃത്തിസമയം കുറയ്ക്കാനോ ഉദ്ദേശിക്കുന്നത്. തങ്ങളുടെ ബന്ധുവിനെ പരിപാലിക്കുന്നതിനായാണ് അവര്‍ ജോലി ഒഴിവാക്കുന്നത്. വര്‍ക്ക്‌ഫോഴ്‌സില്‍ നിന്നും ഫാമിലി കെയറര്‍മാരുടെ പലായനം ട്രഷറിക്ക് 6.2 ബില്ല്യണ്‍ പൗണ്ട് വരുന്ന നികുതി നഷ്ടവും, അധിക ബെനഫിറ്റ് പെയ്‌മെന്റുകളുമായി കലാശിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2021-22 വര്‍ഷത്തില്‍ ഏകദേശം 400,000 പേരാണ് ബന്ധുവിനെ പരിചരിക്കാനായി ജോലി ഉപേക്ഷിച്ചത്. ജോലിയിലെ ഉയര്‍ന്ന ഡിമാന്‍ഡുമായി ഒത്തുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് ഇവര്‍ക്ക് ജോലി വിടേണ്ടിവന്നത്. സാമ്പത്തികമായി പ്രവര്‍ത്തനരഹിതമായി ഇരിക്കുന്നവരെ ജോലിയിലേക്ക് മടക്കിയെത്തിക്കാനുള്ള ഗവണ്‍മെന്റ് ലക്ഷ്യം ഫാമിലി കെയറര്‍മാര്‍ക്ക് മികച്ച പിന്തുണ ഉറപ്പാക്കാതെ ഫലപ്രദമാകില്ലെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.
ഇപ്പോള്‍ തന്നെ കനത്ത സമ്മര്‍ദം നേരിടുന്ന സോഷ്യല്‍ കെയര്‍ സിസ്റ്റത്തില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാനാണ് ഇത് ഉപകരിക്കുക. ഒപ്പീനിയം നടത്തിയ സര്‍വ്വെയില്‍ 65 ശതമാനം ഫാമിലി കെയറര്‍മാരും ജോലിയില്ലാത്ത നിലലയിലാണ്. കൃത്യമായ പിന്തുണ ലഭ്യമായാല്‍ 64 ശതമാനം പാര്‍ട്ട്‌ടൈം ജോലിക്കാരും ജോലി സ്ഥലത്തേക്ക് മടങ്ങുകയോ, പ്രവൃത്തി സമയം വര്‍ദ്ധിപ്പിക്കുകയോ ചെയ്യാന്‍ തയ്യാറാണ്.