മുഖ്യമന്ത്രിയുടെ കാര്‍ഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് പല സബ്‌സിഡി ഇനങ്ങളില്‍ കോടികണക്കിന് രൂപ കുടിശികയുള്ളപ്പോഴാണ് മുഖാമുഖത്തിന് തുക അനുവദിക്കുന്നത്. അടുത്ത മാസം രണ്ടിന് ആലപ്പുഴയിലാണ് പരിപാടി. സബ്‌സിഡി കുടിശ്ശിക നിലനില്‍ക്കെ പരിപാടിക്കായി ലക്ഷങ്ങള്‍ ചിലവഴിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വിറ്റ വകയില്‍ നല്‍കാനുള്ളത് കോടികള്‍, പമ്പിംഗ്‌സബ്‌സിഡി, വിള നാശ നഷ്ടപരിഹാരം എന്നീ ഇനങ്ങളിലും ഉള്ളത് കോടികളുടെ കുടിശ്ശികയാണ്. ഇതിനിടെയാണ് കാര്‍ഷിക മേഖലയിലെ മുഖാമുഖത്തിനുള്ള 33 ലക്ഷം അനുവദിക്കല്‍ തീരുമാനം വരുന്നത്. നവകേരള സദസ്സിന്റെ തുടര്‍ച്ചയായ പരിപാടിക്കാണ് ചെലവ്. ഇതില്‍ 20 ലക്ഷം കൃഷിവകുപ്പിന്റെ പദ്ധതി ചെലവിനായി വകയിരുത്തിയ തുകയില്‍ നിന്നാണ് നല്‍കുന്നത്. ബാക്കി വകുപ്പിന് കീഴില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും പൊതുമേഖലാ ബാങ്കുകളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പായി കണ്ടെത്താനാണ് ഉത്തരവ്.