63കാരനായ പുരോഹിതന് 12 കാരി വധു, നൂറുകണക്കിനാളുകള്‍ സാക്ഷി, വിവാഹം ആഡംബരമായി നടത്തി; വിവാദം

63കാരനായ പുരോഹിതന് 12 കാരി വധു, നൂറുകണക്കിനാളുകള്‍ സാക്ഷി, വിവാഹം ആഡംബരമായി നടത്തി; വിവാദം
ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ 63 കാരനായ പുരോഹിതന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് വിവാദമായി. അക്രയിലെ നുങ്കുവ ഏരിയയിലാണ് ആത്മീയ നേതാവായ നുമോ ബോര്‍കെറ്റി ലവേ സുരു മുപ്പത്തിമൂന്നാമന്‍ 12കാരിയെ വിവാഹം കഴിച്ചത്. വലിയ ചടങ്ങില്‍ നൂറുകണക്കിനാളുകളെ സാക്ഷിയാക്കി പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം. പരമ്പരാഗത മഹാപുരോഹിതന്‍ എന്നറിയപ്പെടുന്ന 'ഗ്‌ബോര്‍ബു വുലോമോ' എന്ന പദവി അലങ്കരിക്കുന്ന വ്യക്തിയാണ് സുരു.

നുങ്കുവ തദ്ദേശീയ സമൂഹത്തില്‍ സ്വാധീനമുള്ള പദവിയാണിത്. ഘാനയില്‍ വിവാഹം കഴിക്കാനുള്ള നിയമപരമായ കുറഞ്ഞ പ്രായം 18 വയസ്സായിട്ടും ആര്‍ഭാടത്തോടെയാണ് വിവാഹം നടന്നത്. വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചു. വിവാഹം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. വിവാഹം റദ്ദാക്കി വൈദികനെതിരേ അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം, നിരവധി സമുദായ നേതാക്കള്‍ വിവാഹത്തെ ന്യായീകരിച്ച് രംഗത്തെത്തി.

ആചാരങ്ങളും പാരമ്പര്യങ്ങളും പാലിക്കുന്നതില്‍ തെറ്റില്ലെന്നും പുരോഹിതന്റെ ഭാര്യയെന്ന നിലയില്‍ പെണ്‍കുട്ടിയുടെ പങ്ക് തികച്ചും പാരമ്പര്യമായ ആചാരവുമാണെന്നും വാദമുയര്‍ന്നു. ആറാമത്തെ വയസ്സില്‍ പുരോഹിതന്റെ ഭാര്യയാകാന്‍ ആവശ്യമായ ആചാരങ്ങള്‍ പെണ്‍കുട്ടി ആരംഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പെണ്‍കുട്ടി ഇപ്പോള്‍ അവരുടെ അമ്മയ്‌ക്കൊപ്പമാണ്. വിവാദ വിവാഹത്തെക്കുറിച്ച് ഘാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Other News in this category4malayalees Recommends