കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണത്തിന് പിന്നില്‍ അമ്മ തന്നെയാണെന്ന് കണ്ടെത്തി. ഐസ്‌ക്രീം കഴിച്ചതിന് ശേഷം കുട്ടികള്‍ക്ക് ശാരീരിക അവശതകളുണ്ടായെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാല്‍ പിന്നീട് പൊലീസ് ചോദ്യം ചെയ്‌പ്പോള്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയെന്ന് അമ്മ തന്നെ സമ്മതിക്കുകയായിരുന്നു. മരണപ്പെട്ട ഇരട്ടക്കുട്ടികള്‍ക്ക് പുറമെ അമ്മയും നാല് വയസുള്ള മൂത്ത മകളും ഇപ്പോഴും ചികിത്സയിലാണ്. കുട്ടികള്‍ക്ക് വിഷം കലര്‍ത്തിയ ഐസ്‌ക്രീം കൊടുത്ത ശേഷം അത് താനും കഴിച്ചതായി അമ്മ പറഞ്ഞു.
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കില്‍ ഉള്‍പ്പെടുന്ന ബെട്ടഹള്ളി ഗ്രാമത്തിലാണ് സംഭവം. പൂജ പ്രസന്ന ദമ്പതികളുടെ ഒന്നര വയസുള്ള ഇരട്ടക്കുട്ടികളായ തൃശൂല്‍, തൃഷ എന്നിവരാണ് ബുധനാഴ്ച മരിച്ചത്. നാല് വയസുകാരിയായ മൂത്ത മകള്‍ ബൃന്ദയും കുട്ടികളുടെ അമ്മയും ഇപ്പോഴും ചികിത്സയിലാണ്. ഇവരുടെ ഗ്രാമത്തിലെത്തിയ ഒരു ഐസ്‌ക്രീം വില്‍പനക്കാരനില്‍ നിന്ന് ഐസ്‌ക്രീം വാങ്ങി കുട്ടികള്‍ക്ക് നല്‍കിയെന്നായിരുന്നു അമ്മ പറഞ്ഞത്. അമ്മയും ഐസ്‌ക്രീം കഴിച്ചു. പിന്നീട് എല്ലാവര്‍ക്കും ശാരീരിക അവശതകളുണ്ടായെന്നും ഇവര്‍ പറഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വിഷ വസ്തുക്കള്‍ ശരീരത്തിലെത്തിയെന്ന സൂചന ലഭിച്ചത്.
ഉന്തുവണ്ടിയില്‍ ഐസ്‌ക്രീം കൊണ്ടുവന്ന വില്‍പനക്കാരനില്‍ നിന്ന് ഗ്രാമത്തിലെ പലരും ഐസ്‌ക്രീം വാങ്ങിക്കഴിച്ചെങ്കിലും മറ്റാര്‍ക്കും ഇത്തരം പ്രശ്‌നങ്ങളുണ്ടായില്ല. ഐസ്‌ക്രീം വില്‍പ്പനക്കാരനെ ചോദ്യം ചെയ്തപ്പോഴും അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് കുട്ടികളുടെ അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്തത്. കുടുംബ കലഹത്തില്‍ മനം മടുത്ത് താന്‍ കുട്ടികളുടെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയെന്നും താനും അത് കഴിച്ചുവെന്നും പൂജ മൊഴി നല്‍കുകയായിരുന്നു.
അഞ്ച് വര്‍ഷം മുമ്പാണ് പൂജയും പ്രസന്നയും വിവാഹിതരായത്. അടുത്തിടെയാണ് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും വിജയം കണ്ടില്ല. ബുധനാഴ്ച വീടിന് സമീപം ഐസ്‌ക്രീം വില്‍പനക്കാരന്‍ എത്തിയപ്പോള്‍ കുട്ടികള്‍ക്കായി ഐസ്‌ക്രീം വാങ്ങി. ശേഷം പാറ്റയെ കൊല്ലുന്നതിന് ഉപയോഗിക്കുന്ന കീടനാശിനി അതില്‍ കലര്‍ത്തി കുട്ടികള്‍ക്ക് കൊടുത്തു. പിന്നീട് താനും അത് തന്നെ കഴിച്ചുവെന്ന് പൂജ പറഞ്ഞു. ഭര്‍ത്താവിനോടുള്ള ദേഷ്യത്തിലാണ് ഇത് ചെയ്തതെന്നും പൂജ പറഞ്ഞു. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.