11 കാരന് കരിമരുന്ന് പ്രയോഗം നടത്തി അയല്‍ വീടുകള്‍ കത്തിനശിച്ചു. പിതാവിനെതിരെ കേസെടുത്ത് പൊലീസ്. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് സംഭവം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് 11 കാരന് പടക്കം പൊട്ടിച്ചത്. എന്നാല്‍ കൊടും ചൂടില്‍ പടക്കം കത്തി അയല്‍ വീടുകള്‍ക്ക് തീ പിടിക്കുകയായിരുന്നു.
ലോഗ് ഐസ്ലാന്‍ഡിലെ ലെവിറ്റൌണ് സ്വദേശിയായ കരംജിത് സിംഗ് എന്ന 33കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ വീടിന് പുറത്ത് വച്ച് പടക്കം പൊട്ടിക്കാന്‍ 11കാരനായ മകനോട് കരംജിത് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ കരിമരുന്ന് ഉദ്ദേശിച്ച രീതിയില്‍ ഉയരാതെ സമീപത്തെ വീടുകളിലേക്കാണ് എത്തിയത്. മരം കൊണ്ട് നിര്‍മ്മിച്ച സമീപവീടുകള്‍ക്ക് അഗ്നിബാധയില്‍ സാരമായ തകരാറുകള്‍ സംഭവിച്ചിരുന്നു. ഇതിന് പുറത്ത് ഇവരുടെ വീടിന് സമീപത്തുള്ള ഷെഡും കത്തിനശിച്ചു.
ഇതിന് പിന്നാലെയാണ് 11കാരന്റെ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വീടുകള്‍ക്ക് സാരമായ തകരാറാണ് സംഭവിച്ചത്. സ്ഥലത്തെത്തിയ പൊലീസ് 33കാരനായ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയെ ബന്ധുവിനൊപ്പം അയച്ചിരിക്കുകയാണ്. കുട്ടിയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും തീവയ്പ്പിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.