നിറം കറുപ്പായതിന്റെ പേരില്‍ ഭാര്യ ഉപേക്ഷിച്ചുപോയെന്ന പരാതിയുമായി യുവാവ് ; യുവതി പോയത് പത്തുദിവസം പ്രായമുള്ള പെണ്കുഞ്ഞിനെയും ഉപേക്ഷിച്ച്
മധ്യപ്രദേശില്‍ നിന്ന് പുറത്തുവരുന്നത് വിചിത്രമായൊരു വാര്‍ത്തയാണ്. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നിറം കറുപ്പായതിന്റെ പേരില്‍ ഭാര്യ ഉപേക്ഷിച്ചുപോയതായി യുവാവ് പൊലീസില്‍ പരാതി നല്കി.
നഗരത്തിലെ വിക്കി ഫാക്ടറി ഏര്യയിലെ താമസക്കാരനാണ് പരാതിക്കാരനായ യുവാവ്. വിവാഹം കഴിഞ്ഞതിന് പിന്നാലെ നിറം കറുപ്പായതിന്റെ പേരില്‍ ഭാര്യ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് യുവാവ് പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസം ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നിരുന്നു. കുഞ്ഞ് പിറന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷം യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.
ഭാര്യയെ അനുനയിപ്പിക്കാന്‍ യുവാവ് നടത്തിയ ശ്രമങ്ങള്‍ വിഫലമായതോടെയാണ് യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയതായി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 13ന് ഇരുവിഭാഗങ്ങളെയും കൗണ്‍സിലിങിന് വിളിച്ചിട്ടുണ്ടെന്നും അതിനുശേഷം മാത്രമേ നടപടിയുണ്ടാകൂവെന്നും പൊലീസ് അറിയിച്ചു.