ചിത്രങ്ങള്‍ വിനയായി ; ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ആരോപണം
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഐഎഎസ് നേടിയെന്ന് ആരോപണത്തില്‍ കുടുങ്ങി കരിംനഗര്‍ അഡീഷണല്‍ കളക്ടറായ പ്രഫുല്‍ ദേശായി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംവരണം ലഭിക്കാന്‍ വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്ന ആരോപണമാണ് പ്രഫുല്‍ ദേശായിക്ക് എതിരെ ഉയര്‍ന്നിരിക്കുന്നത്. കരിംനഗര്‍ അഡീഷണല്‍ കളക്ടറാണ് പ്രഫുല്‍ ദേശായി. കുതിരസവാരി ഉള്‍പ്പെടെയുള്ള സാഹസിക കായിക വിനോദങ്ങള്‍ നടത്തുന്ന ചിത്രങ്ങള്‍ ദേശായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.
എന്നാല്‍ പ്രഫുല്‍ ദേശായി ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളി. തനിക്ക് ഒരു കാലിന് വൈകല്യമുണ്ടെന്നും അതിനര്‍ത്ഥം തനിക്ക് കായിക വിനോദങ്ങള്‍ ഏര്‍പ്പെടാന്‍ പറ്റില്ല എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിനോദങ്ങള്‍ ട്രെയിനിംഗിന്റെ ഭാഗമായി ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ല്‍ നടന്ന യുപിഎസ്‌സി പരീക്ഷയില്‍ 532ാം റാങ്കാണ് പ്രഫുല്‍ ദേശായി നേടിയത്.ബെലഗാവി ജില്ലാ ആശുപത്രിയില്‍ നിന്നാണ് ദേശായി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ദേശായിക്ക് ലോക്കോമോട്ടോര്‍ വൈകല്യമാണെന്നും പോളിയോ മൂലം ഇടതുകാലിന് 45 ശതമാനം വൈകല്യമുണ്ടെന്നുമാണ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോളിയോ ബാധിച്ചതിനാല്‍ തനിക്ക് ഓടനായില്ലെങ്കിലും നടക്കാനും സൈക്കിള്‍ ചവിട്ടാനും സാധിക്കുമെന്നും ദേശായി പറഞ്ഞു. അത്തരം ഫോട്ടോകളാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുക്കുന്നതെന്നുമാണ് പ്രഫുല്‍ ദേശായിയുടെ വാദം.