അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത് പുതിയ തലമുറക്ക് അവസരം നല്‍കാനാണെന്ന് ജോ ബൈഡന്‍. അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും ഇത് പുതുതലമുറയുടെ ശബ്ദം കേള്‍ക്കേണ്ട സമയമാണെന്നും ജോ ബൈഡന്‍ പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്.
'പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ കൈമാറുക എന്നതാണ് ഏറ്റവും നല്ല വഴിയെന്ന് ഞാന്‍ തീരുമാനിച്ചു. അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. പൊതുജീവിതത്തില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. എന്നാലിപ്പോള്‍ പുതുതലമുറയുടെ ശബ്ദം കേള്‍ക്കേണ്ട സമയമാണ്' ബൈഡന്‍ പറഞ്ഞു.
'രാജ്യം നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തവണ നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ രാജ്യത്തിന്റെ ഗതി നിര്‍ണയിക്കും. രാജ്യം മുന്നോട്ട് പോകണോ പിന്നോട്ട് പോകണോയെന്ന് നമ്മള്‍ തീരുമാനിക്കണം. വെറുപ്പും വിഭജനവും വേണോ അതോ പ്രതീക്ഷയും ഐക്യവും വേണോ എന്ന് തീരുമാനിക്കണം' ബൈഡന്‍ വ്യക്തമാക്കി.
പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പിന്മാറിയതോടെ ശേഷിക്കുന്ന കാലയളവില്‍ ഉഴപ്പുമെന്ന വിമര്‍ശനങ്ങള്‍ക്കും ബൈഡന്‍ മറുപടി നല്‍കി. പ്രസിഡണ്ട് എന്ന നിലയില്‍ വരുന്ന ആറ് മാസം തന്റെ ജോലിയില്‍ ശ്രദ്ധ പതിപ്പിക്കുമെന്നായിരുന്നു ബൈഡന്റെ മറുപടി. കുടുംബ ചെലവുകള്‍ കുറയ്ക്കും. ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കാനും താന്‍ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം. മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ബൈഡന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്മാറണെമന്ന് ഡെമോക്രാറ്റുകള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. പ്രായാധിക്യം ബൈഡന് വലിയ തിരിച്ചടിയായിരുന്നു.