താമസ വിസയുടെ കാലാവധി കഴിഞ്ഞ ശേഷവും അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ ഇളവ് പ്രഖ്യാപിച്ച് യുഎഇ. സെപ്തംബര്‍ 1 മുതല്‍ രണ്ടു മാസത്തേക്കാണ് ഇളവ് അനുവദിച്ചത്.
ഇക്കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴ അടക്കാതെ രാജ്യം വിടുകയോ ഫെഡറല്‍ നിയമം അനുസരിച്ച് താമസ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുകയോ ചെയ്യാനുള്ള അവസരമുണ്ടാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സ്റ്റിസണ്‍ഷിപ്പ്,കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു.
ആനുകൂല്യം ലഭിക്കുന്നതിനായി വിദേശികളുടെ എന്‍ട്രി, റെസിഡന്‍സ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ചുമത്തിയ പിഴ ഒഴിവാക്കാനോ കുറക്കാനോ ആവശ്യപ്പെട്ട് നിയമ ലംഘകര്‍ അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇതോടൊപ്പം അപേക്ഷകരുടെ പാസ്‌പോര്‍ട്ട്, നിയമം ലംഘിക്കാനും പിഴ ഒടുക്കാതിരിക്കാനുള്ള കാരണം എന്നിവ വ്യക്തമാക്കിയിട്ടുള്ള കത്ത്, പിഴ കമ്മിറ്റി ആവശ്യപ്പെടുന്ന മറ്റ് രേഖകള്‍ എന്നിവ ഹാജരാക്കണം.