യാത്രക്കാരനും വിമാന ജീവനക്കാരിയും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സര്‍വീസ് തന്നെ റദ്ദാക്കേണ്ടിവന്നു. വിമാനത്തിലെ എയര്‍ കണ്ടീഷണറിന്റെ തണുപ്പ് സഹിക്കാനാവാതെ യാത്രക്കാരന്‍ ഒരു പുതപ്പ് ചോദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
മൊറോക്കോയില്‍ നിന്ന് മോണ്‍ട്രിയലിലേക്കുള്ള എയര്‍ കാനഡ വിമാനത്തിലാണ് സംഭവം ഉണ്ടായത്. യാത്രക്കാരന്‍ പുതപ്പ് ചോദിച്ചതോടെ ജീവനക്കാരി അവരോട് കയര്‍ത്തു സംസാരിക്കുകയായിരുന്നു, യാത്രക്കാരനോട് വളരെ ഉച്ചത്തില്‍ സംസാരിച്ച ജീവനക്കാരി പൊലീസിനെ വിളിക്കുകയും യാത്രക്കാരനോട് വിമാനത്തില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.
നിങ്ങള്‍ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ വിമാനത്തില്‍ നിന്ന് ഇറക്കി വിടുമെന്നും ഇക്കാര്യം ക്യാപ്റ്റനോട് പറയട്ടെയെന്നും ജീവനക്കാരി ഫ്രഞ്ചില്‍ ചോദിച്ചു. മറ്റൊരു യാത്രക്കാരന്‍ ക്യാപ്റ്റനെ വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറായില്ല. പകരം ഉറക്കെ സംസാരിച്ച് തിരികെ നടക്കുകയിം എല്ലാവരും മര്യാദ പാലിക്കണമെന്നും നിശബ്ദമായിരിക്കണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങേണ്ടി വരുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തുടര്‍ന്ന് യാത്രക്കാരന് പിന്തുണ അറിയിച്ച് മറ്റ് യാത്രക്കാരും വിമാനത്തില്‍ നിന്ന് ഇറങ്ങി. ഇതോടെയാണ് വിമാന സര്‍വീസ് തന്നെ റദ്ദാക്കേണ്ടി വന്നത്. സര്‍വീസ് റദ്ദാക്കിയതായി എയര്‍ കാനഡ അറിയിച്ചു. പിന്നീട് മറ്റൊരു ക്രൂവുമായി വിമാനം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. സംഭവത്തെ ഗൗരവകരമായാണ് കാണുന്നതെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാരോട് എയര്‍ലൈന്‍ ക്ഷമാപണം നടത്തി അവര്‍ക്കുണ്ടായ അസൗകര്യത്തില്‍ നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു.