ദുരന്ത ഭൂമിയില്‍ ഏഴാം നാള്‍; മരണം 385, കാണാതായവര്‍ക്കായി തെരച്ചില്‍ ഇന്നും തുടരും

ദുരന്ത ഭൂമിയില്‍ ഏഴാം നാള്‍; മരണം 385, കാണാതായവര്‍ക്കായി തെരച്ചില്‍ ഇന്നും തുടരും
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 385 ആയി. ഇതില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. തുടര്‍ച്ചായ അവധികള്‍ക്ക് ശേഷം വയനാട്ടിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാത്ത സ്‌കൂളുകളാണ് തുറക്കുക.

അതേസമയം ചൂരല്‍മലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തില്‍ ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. കാണാതായവര്‍ക്കായി ചാലിയാര്‍ പുഴയിലും ഇന്നും തെരച്ചില്‍ തുടരും. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും 8 മണിയോടെ തിരച്ചില്‍ സംഘം ഇറങ്ങും.

ഇന്നലെ തെരച്ചിലിന് പോയി വനത്തില്‍ അകപ്പെട്ടവര്‍ ഇന്ന് തിരികെയെത്തും. സൂചിപ്പാറയ്ക്ക് അടുത്ത് കാന്തന്‍പാറയില്‍ കണ്ട മൃതദേഹം എടുക്കുന്നതില്‍ ഉണ്ടായ താമസത്തെ തുടര്‍ന്നാണ് ഇവരുടെ തിരിച്ചു വരവ് തടസപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാല്‍ രാത്രി തിരികെയെത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് ഇവര്‍ വനത്തില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്. 18 പേരാണ് സംഘത്തിലുള്ളത്. സുരക്ഷിതരാണെന്നും രാവിലെ തിരികെ എത്തുമെന്നും പൊലീസിനെ ഇവര്‍ ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends