അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികള്‍ തമ്മിലുളള സംവാദം ഫോക്‌സ് ന്യൂസിലേക്ക് മാറ്റാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വൈസ് പ്രഡിന്റുമായ കമലാ ഹാരിസ് നിരസിച്ചതായി റിപ്പോര്‍ട്ട്. മുന്‍ പ്രസിഡന്റും റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് കമലാ ഹാരിസുമായി സംവാദത്തിന് തയ്യാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു.
2024 നവംബറില്‍ നടക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ പ്രസിഡന്റായ ജോ ബൈഡനും ട്രംപും രണ്ട് പൊതുസംവാദത്തിനായി തീരുമാനം എടുത്തിരുന്നു. ആദ്യ സംവാദം ജൂണില്‍ സിഎന്‍എന്‍ നടത്തിയതിന് ശേഷം നിരവധി വിമര്‍ശനങ്ങള്‍ ബൈഡന്‍ നേരിട്ടിരുന്നു. എല്ലാ തരത്തിലും ട്രംപിന്റെ മുന്‍പില്‍ അടി പതറുന്നതായിരുന്നു ആദ്യ പൊതുസംവാദത്തിലെ ബൈഡന്റെ പ്രകടനം. രണ്ടാമത്തെ സംവാദം സെപ്റ്റംബര്‍ 10-ന് എബിസി ന്യൂസ് നടക്കാനിരിക്കെയാണ് ബൈഡന്‍ പൊതു തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
ജൂലൈ 21 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതായി ബൈഡന്‍ അറിയിച്ചത്. പിന്നാലെ നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായെത്തി. കഴിഞ്ഞ ദിവസം കമലാ ഹാരിസുമായി സംവാദത്തിന് തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഫോക്സ് ന്യൂസ് മുന്നോട്ടുവെച്ച ഓഫര്‍ ഡൊണാള്‍ഡ് ട്രംപ് അംഗീകരിക്കുകയായിരുന്നു. സെപ്തംബര്‍ നാലിനാണ് സംവാദം നടത്താന്‍ തീരുമാനിച്ചത്.
നേരത്തെ 'ഉറക്കംതൂങ്ങി' ജോ ബൈഡനുമായി എബിസിയില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ ബൈഡന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറിയതോടെ സംവാദവും ഒഴിവായി. ഫോക്സ്ന്യൂസ് സംവാദം ഗ്രേറ്റ് കോമണ്‍വെല്‍ത്ത് ഓഫ് പെന്‍സില്‍വാനിയയില്‍ നടക്കും. ബ്രെത് ബെയറും മാര്‍ത്ത മാക്കെല്ലുമായിരിക്കും സംവാദം മേഡറേറ്റ് ചെയ്യുക. പാര്‍ട്ടി ഭീകരമായി കൈകാര്യം ചെയ്ത ഉറക്കം തൂങ്ങി' ജോ ബൈഡനുമായി നേരത്തെ തീരുമാനിച്ച സംവാദത്തിന്റെ മാനദണ്ഡങ്ങള്‍ തന്നെയാവും ഇവിടെയും. കാഴ്ച്ചക്കാര്‍ നിറഞ്ഞ സദസ്സിലായിരിക്കും സംവാദം. ട്രംപ് അറിയിച്ചത്.
സംവാദത്തിന് തയ്യാറാണെന്നും എന്നാല്‍ ഫോക്സ് ന്യൂസിലേക്കുളള ട്രംപിന്റെ ക്ഷണം നിരസിക്കുന്നതായും കമലാ ഹാരിസ് എക്‌സിലൂടെ അറിയിച്ചു. ഏത് സമയവും ഏത് സ്ഥലവും എങ്ങനെ ഒരു നിര്‍ദ്ദിഷ്ട സമയം ഒരു നിര്‍ദ്ദിഷ്ട സുരക്ഷിത ഇടം' ആയി മാറുന്നു എന്നത് രസകരമാണ്. അദ്ധേഹം പറഞ്ഞത് പോലെ സെപ്റ്റംബര്‍ 10 ന് ഞാന്‍ അവിടെയെത്തും അദ്ധേഹവും അവിടെ കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നതെന്ന് കമലാ ഹാരിസ് എക്‌സില്‍ കുറിച്ചു. എന്നാല്‍ നേരത്തെ ബൈഡനുമായി തീരുമാനിച്ച എബിസി ന്യൂസ് സംവാദത്തിന് തന്നെയാണ് തനിക്ക് താല്‍പര്യമെന്നും കമലാ ഹാരിസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ട്രംപ് ഭയപ്പെടുന്നു അതു കൊണ്ടാണ് എബിസി ന്യൂസില്‍ തീരൂമാനിച്ച സംവാദത്തിന് ഭയക്കുന്നതെന്ന് ഹാരിസ് പരിഹസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.