തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്‌ക ജ്വരം; യുവാവ് മരിച്ചത് രോഗം ബാധിച്ചെന്ന് സംശയം, നാല് പേര്‍ ചികിത്സയില്‍
തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്‌ക ജ്വരമെന്നാണ് സംശയിക്കുന്നത്. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്.
ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചു. ഇതേ കുളത്തില്‍ ഇറങ്ങിയവരില്‍ 3 പേര്‍ക്കു കൂടി കടുത്ത പനി കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളാണ് യുവാക്കള്‍. ഇവര്‍ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. കണ്ണറവിള പൂതംകോട് അനുലാല്‍ ഭവനില്‍ അഖില്‍ (27) കഴിഞ്ഞ 23ന് ആണു മരിച്ചത്. മരിക്കുന്നതിന് 10 ദിവസം മുന്‍പാണ് അഖിലിനു പനി ബാധിച്ചത്. തുടക്കത്തില്‍ വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി. കടുത്ത തലവേദനയും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
തലച്ചോറിലെ അണുബാധയെത്തുടര്‍ന്നു മരിച്ചെന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചത്. അതിയന്നൂര്‍ പഞ്ചായത്തിലെ കണ്ണറവിളയ്ക്കു സമീപത്തെ കാവിന്‍കുളത്താണ് അഖിലും മറ്റുള്ളവരും കുളിച്ചത്. ആരോഗ്യവകുപ്പ് നിര്‍ദേശത്തെത്തുടര്‍ന്നു കുളത്തില്‍ ഇറങ്ങുന്നതു കര്‍ശനമായി വിലക്കി. ഇതു സംബന്ധിച്ചു നോട്ടീസ് ബോര്‍ഡും സ്ഥാപിച്ചു.