ചൂരല്‍മലയേയും മുണ്ടക്കൈയേയും നടുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. ദുരന്തമുണ്ടായി ഒരാഴ്ച പിന്നിടുമ്പോള്‍ 402 മൃതദേഹങ്ങളും 181 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. തെരച്ചില്‍ തുടരുകയാണ്.
ഇന്ന് സൂചിപ്പാറയിലെ സണ്‍റൈസ് വാലി മേഖലയില്‍ തെരച്ചില്‍ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റര്‍ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.
ഉരുള്‍പൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങള്‍ ഇന്നലെ പുത്തുമലയില്‍ കൂട്ടമായി സംസ്‌കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് സംസ്‌കാരം നടത്തിയത്. വൈകിട്ട് 4 മണിയോടെ തുടങ്ങിയ ചടങ്ങുകള്‍ രാത്രിയോടെയാണ് പൂര്‍ത്തിയായത്.