റെയില്‍വേ സ്റ്റേഷനില്‍ ബാഗിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ സംഭവം ; രണ്ടു പേര്‍ അറസ്റ്റില്‍

റെയില്‍വേ സ്റ്റേഷനില്‍ ബാഗിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ സംഭവം ; രണ്ടു പേര്‍ അറസ്റ്റില്‍
ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ ബാഗിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ജയ് പ്രവീണ്‍ ചാവ്ദ, ഇയാളുടെ കൂട്ടാളി ശിവജീത് സുരേന്ദ്ര സിങ് എന്നിവരെയാണ് പിടികൂടിയത്. സാന്താക്രൂസ് നിവാസിയായ അര്‍ഷാദ് അലി ഷെയ്ഖാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ട്രെയിനില്‍ സ്യൂട്ട്‌കേസില്‍ മൃതദേഹം കൊണ്ടുപോകുകയായിരുന്ന രണ്ട് പ്രതികളെയാണ് മുംബൈ പൊലീസ് പിടികൂടിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ഗവണ്‍മെന്റ് റെയില്‍വെ പൊലീസും ലഗേജ് പരിശോധന നടത്തുന്നതിനിടെയാണ് സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പൈഡുണി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായി.

കൊലപാതകത്തിന് ശേഷം ഞായറാഴ്ച രാത്രി തുട്ടാരി എക്സ്പ്രസ് ട്രെയിനില്‍ മൃതദേഹം കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു. പ്രതികളില്‍ ഒരാളെ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. മറ്റൊരാള്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് ഉല്ലാസ് നഗറില്‍ വെച്ച് പിടികൂടി.

കൊല്ലപ്പെട്ടയാളും പിടിയിലായ രണ്ടുപേരും ഭിന്നശേഷിക്കാരും ആംഗ്യഭാഷയില്‍ ആശയവിനിമയം നടത്തുന്നവരുമാണ്. ചോദ്യം ചെയ്യലില്‍ സഹായിക്കാന്‍ പൊലീസ് ആംഗ്യഭാഷാ വിദഗ്ധനെ നിയോഗിച്ചു, ഇതോടെയാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

ഒരു സ്ത്രീ സുഹൃത്തിനെ ചൊല്ലി പ്രതി ജയ് പ്രവീണ്‍ ചാവ്ദ കൊല്ലപ്പെട്ടയാളുമായി വഴക്കിട്ടിരുന്നു. ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. പ്രതി ജയ് പ്രവീണ്‍ ചാവ്ദ അര്‍ഷാദ് അലി ഷെയ്ഖാനെ വീട്ടിലേക്ക് പാര്‍ട്ടിക്കായി ക്ഷണിച്ചു. ഇതിനിടെ വീണ്ടും തര്‍ക്കം ഉണ്ടാകുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. മൃതദേഹം പൂര്‍ണമായും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സ്യൂട്ട്കേസിലാക്കിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends