വിദേശ രാജ്യങ്ങളില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 2024 ലെ കണക്ക് പ്രകാരം വിദേശ രാജ്യങ്ങളില്‍ ഉപരി പഠനം നടത്തുന്നത് 13 ലക്ഷത്തിലധികം പേരാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നത് കാനഡയിലാണ്. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് രാജ്യസഭയില്‍ അറിയിച്ചതാണിത്.
13,35,878 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് ഉപരിപഠനം നടത്തുന്നു എന്നാണ് മന്ത്രി പറഞ്ഞത്. 2023-ല്‍ 13,18,955 പേരും 2022-ല്‍ 9,07,404 പേരുമാണ് വിദേശത്ത് പഠനം നടത്തിയിരുന്നത്. പഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ സര്‍ക്കാരിന്റെ കയ്യിലുണ്ടോ എന്ന ചോദ്യത്തിന് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.
സര്‍ക്കാര്‍ കണക്ക് പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത് കാനഡയിലാണ്. 4,27,000 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം കാനഡയില്‍ പഠിക്കുന്നത്. 3,37,630 പേര്‍ അമേരിക്കയിലാണ്. 8,580 പേര്‍ ചൈനയിലും 2510 പേര്‍ യുക്രൈനിലും 900 പേര്‍ ഇസ്രായേലിലും 14 പേര്‍ പാകിസ്ഥാനിലും എട്ട് പേര്‍ ഗ്രീസിലും പഠനം നടത്തുന്നു.
വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി നിരന്തരം ആശയവിനിമയം നടത്താറുണ്ടെന്നും ഗ്ലോബല്‍ റിഷ്താ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടാറുണ്ടെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു. അവര്‍ പോകുന്ന രാജ്യങ്ങളില്‍ എന്തെങ്കിലും സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള യാത്രകള്‍ എളുപ്പമാക്കുന്നതിനായി ഇന്ത്യക്കാര്‍ക്ക് വിസ ഫ്രീ എന്‍ട്രി, വിസ ഓണ്‍ അറൈവല്‍ സൗകര്യങ്ങള്‍ എന്നിവ നല്‍കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.