വയനാട് ദുരിതാശ്വാസത്തിന് രണ്ട് കോടി നല്‍കി പ്രഭാസ്

വയനാട് ദുരിതാശ്വാസത്തിന് രണ്ട് കോടി നല്‍കി പ്രഭാസ്
ദുരന്ത മേഖലയായി തീര്‍ന്ന വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി രണ്ട് കോടി രൂപ സംഭാവന നല്‍കി സൂപ്പര്‍ താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് കോടി രൂപ പ്രഭാസ് നല്‍കി. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു.

നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നു. തെലുങ്ക് സിനിമാ മേഖലയില്‍നിന്ന് നേരത്തേ ചിരഞ്ജീവി, രാംചരണ്‍ തേജ, അല്ലു അര്‍ജുന്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഒരു കോടി രൂപയാണ് ചിരഞ്ജീവിയും രാംചരണും ചേര്‍ന്ന് സംഭാവന ചെയ്തത്.

25 ലക്ഷം രൂപയാണ് അല്ലു അര്‍ജുന്‍ സംഭാവന നല്‍കിയത്. കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. നടന്മാരായ കമല്‍ഹാസന്‍, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി. ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്ന് 25 ലക്ഷമാണ് സംഭാവന ചെയ്തത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 35 ലക്ഷം രൂപ കൈമാറി.

Other News in this category



4malayalees Recommends